വിശ്വാസവും ദുരൂഹതയും ആകാംഷയും നിറഞ്ഞ ഡിവൈൻ ത്രില്ലർ; 'വല്ലി' ട്രെയ്‌ലർ പുറത്തിറങ്ങി

മലയാള സിനിമയിൽ പുതുമയാർന്നൊരു ത്രില്ലർ അനുഭവത്തിന് വഴിയൊരുക്കി 'വല്ലി'യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഷബീർ ബി.എൻ സംവിധാനം ചെയ്യുന്ന ചിത്രം വിശ്വാസവും നിഗൂഢതയും കുറ്റാന്വേഷണവും ഇഴചേർന്ന ഡിവൈൻ ത്രില്ലർ എന്ന നിലയിലാണ് ഒരുങ്ങുന്നത്. പുറത്തിറങ്ങിയ ട്രെയിലർ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതിനൊപ്പം പ്രേക്ഷകരിൽ ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ട്. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് നിർമ്മിക്കുന്ന 'വല്ലി'യുടെ ട്രെയിലർ നൽകുന്ന സൂചനകൾ ചിത്രം സാധാരണ കുറ്റാന്വേഷണ ത്രില്ലറിൽ നിന്ന് വ്യത്യസ്തമായൊരു ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നതെന്ന പ്രതീക്ഷയാണ് നൽകുന്നത്. വിശ്വാസവും പുരാണസൂചനകളും ദുരൂഹമായ മരണങ്ങളും അന്വേഷണവും ഒരുമിക്കുന്ന ചിത്രം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഒരു രാജാവും അദ്ദേഹം ആരാധിക്കുന്ന ദേവിയും തമ്മിലുള്ള ഐതിഹ്യകഥയുടെ പശ്ചാത്തലത്തിലാണ് ട്രെയിലർ ആരംഭിക്കുന്നത്. പുരാതനകാലത്തെ ഈ കഥയും പിന്നീട് അരങ്ങേറുന്ന സംഭവങ്ങളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രധാന കൗതുകങ്ങളിലൊന്നെന്ന് ട്രെയിലർ സൂചന നൽകുന്നു. പഴയൊരു 'മാണിക്യവല്ലി കേസ്' വീണ്ടും ചർച്ചയാകുന്നതും അതിനിടെ തുടർച്ചയായി നടക്കുന്ന മരണങ്ങളുമാണ് കഥയുടെ ദുരൂഹത വർധിപ്പിക്കുന്നത്. ഈ സംഭവങ്ങൾക്കിടയിലെ അദൃശ്യമായ ബന്ധം അന്വേഷിക്കുന്നതിലൂടെ കഥ കൂടുതൽ സങ്കീർണമാകുമെന്ന സൂചനയും ട്രെയിലർ നൽകുന്നു.
പോലീസ് ഉദ്യോഗസ്ഥയായ മീനാക്ഷിയായി അശ്വതി എസ്. നായർ എത്തുന്നു. കുറ്റാന്വേഷണത്തിന്റെ വഴികളിലൂടെ മുന്നേറുന്ന കഥാപാത്രവും ദൈവിക വിശ്വാസങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പത്മരാജ് രതീഷ്, ഷോബി തിലകൻ, ബിനോജ് കുളത്തൂർ, ജയറാം, ബെന്നി ജോൺ, പ്രസാദ് മുഹമ്മ, അരുൺ സോൾ, കുമാർ സേതു, ഭദ്ര വെങ്കിടേശ്വരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. "ഈ കേസിന്റെ വിധി എഴുതുന്നത് എന്റെ അമ്മയാ, മാണിക്യ വല്ലിയമ്മ" എന്ന ട്രെയിലറിലെ സംഭാഷണവും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയത്തിൽ മാണിക്യ വല്ലിയമ്മയ്ക്കുള്ള നിർണായക സ്ഥാനത്തിലേക്കാണ് ഈ വാക്കുകൾ വിരൽചൂണ്ടുന്നത്.
നിർമ്മാതാവ് രജിത് എസ് തന്നെയാണ് വല്ലിയുടെ കഥ രചിച്ചിരിക്കുന്നത്. സംവിധായകൻ ഷബീർ ബി.എൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീപ് നാരായണനാണ് ലൈൻ പ്രൊഡ്യൂസർ. രഞ്ജിത്ത് മുരളിയാണ് ഛായാഗ്രഹണം. പ്രസോഭ് ശേഖരൻ എഡിറ്റിംഗും ടോണി വിൽസൺ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. രാജേഷ്, ട്വിങ്കിൾ, രതീഷ് ചന്ദ്രൻ ചെപ്പാട് എന്നിവർ ഗാനങ്ങൾക്ക് വരികളെഴുതുന്നു. വിഷ്ണു വി. നായരാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. വിനുവാണ് രാമകൃഷ്ണൻ വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്. സ്പോട്ടഡ് കളേഴ്സാണ് കളറിംഗ് നിർവഹിക്കുന്നത്. മുത്തുവാണ് കലാസംവിധാനം. മുരളി മലയാളം വസ്ത്രാലങ്കാരവും രതീഷ് മേക്കപ്പും നിർവഹിക്കുന്നു. ഭാരത് ബിനുവാണ് പോസ്റ്റർ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
Content Highlights: The official trailer of Valli, an upcoming Malayalam divine thriller directed by Shabeer B.N. and produced by Rajith S under Prana Creations, has been released, promising a unique mystery blending myth, faith, and investigation starring Ashwathi S. Nair.