ഇനിയും ധാരാളം നല്ല പാട്ടുകൾ പാടണം; തമിഴകത്തെ പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി

#വൈക്കം വിജയലക്ഷ്മി/രേഖ നമ്പ്യാർ
വൈക്കം വിജയലക്ഷ്മി | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി
വൈക്കം വിജയലക്ഷ്മി | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി

മലയാളം കടന്ന് അന്യഭാഷകളിൽ കൈയടിനേടുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. തമിഴകത്തെ സംസ്ഥാനപുരസ്കാരം നേടിയ ആഹ്ലാദം പങ്കുവെച്ച് സംസാരിക്കുന്നു
മിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഗായിക വൈക്കം വിജയലക്ഷ്മി. ചിത്രയ്ക്കും സുജാതയ്ക്കുംശേഷം അന്യഭാഷകളിൽ ഏറെ സ്വീകരിക്കപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക്്, കന്നഡ, ഹിന്ദി, ബംഗാളി, സംസ്കൃതം എന്നീ ഭാഷകളിലെല്ലാം വിജയലക്ഷ്മിയുടെ ശബ്ദം പ്രേക്ഷകർ ആസ്വദിച്ചു. വേലൈനു വന്തിട്ടാ വെള്ളക്കാരൻ എന്ന ചിത്രത്തിലെ ‘ആരവല്ലി’ എന്ന ഗാനത്തിലൂടെയാണ് തമിഴകത്തെ പുരസ്കാരം വിജയലക്ഷ്മിയെ തേടിയെത്തിയത്.

‘‘സംഗീതപരിപാടികളുടെ തിരക്കിനിടയിൽ അന്ന് പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അടുത്തദിവസംതന്നെ ചെന്നൈയിൽ ചെന്ന് പുരസ്കാരം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞാനും അച്ഛനും അമ്മയും. അന്യഭാഷയിൽനിന്ന് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണിത്. അതുകൊണ്ടുതന്നെ ആഹ്ലാദം ഏറെയാണ്.’’ തിയേറ്ററിലും ഒ.ടി.ടി.യിലും ഒരുപോലെ പ്രേക്ഷകസ്വീകാര്യത നേടിയ പ്രകമ്പനത്തിലെ പാട്ടും അടുത്തിടെ ഹിറ്റ്‌ലിസ്റ്റിൽ ഇടംനേടി. നാനൂറ്റിയമ്പതിലധികം കീർത്തനങ്ങളും ഇരുനൂറിലധികം സിനിമാഗാനങ്ങളും പാടിയ വൈക്കം വിജയലക്ഷ്മിയുടെ പാട്ടുവഴികളിൽ അതിശയങ്ങളേറെയാണ്...

‘‘അഞ്ചരവയസ്സിലാണ് പാട്ട് പഠനം തുടങ്ങിയത്. 1986-ൽ ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ചായിരുന്നു ഈ യാത്രയുടെ തുടക്കം. അന്ന് കല്യാണിരാഗത്തിലെ പാട്ടാണ് ആദ്യം ദാസേട്ടനെ പാടിക്കേൾപ്പിച്ചത്. ദാസേട്ടനുമായുള്ള ആ അടുപ്പം ഇന്നുമുണ്ട്. അദ്ദേഹം ഫോണിലൂടെ കീർത്തനങ്ങൾ പാടിത്തരാറുണ്ട്. രാഗങ്ങൾ പറഞ്ഞുതരും. മോളോടെന്നപോലെ സ്നേഹമാണ് അദ്ദേഹത്തിന്. ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയുള്ളതുകൊണ്ടാണ് വളരെ എളുപ്പത്തിൽ എനിക്ക് പാടാൻ സാധിക്കുന്നത്. അക്ഷരസ്ഫുടതയാണ് പ്രധാനം. ഉച്ചാരണശുദ്ധിയും വേണം. ബാലമുരളിസാറിന്റെ ‘പാഹിരാമപ്രഭോ’ എന്ന പാട്ട് എനിക്കൊരുപാട് ഇഷ്ടമാണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ ആ പാട്ട് കേൾക്കാറുണ്ട്. അതൊരു ശീലമായി. അഷ്ടപദി, സോപാനസംഗീതം, കഥകളിപ്പദം എല്ലാം കേൾക്കും. ഇളയരാജസാറിന്റെയും എം.എസ്.വി. സാറിന്റെയുമൊക്കെ പാട്ടുകളോടാണ് കൂടുതൽ പ്രിയം. ജാനകിയമ്മ, വാണിയമ്മ, എസ്.പി.ബി.സാർ... ഇവരുടെയൊക്കെ പാട്ടുകൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്റെ പാട്ടുകളിൽ പ്രിയപ്പെട്ടത് എന്റെ ആദ്യസിനിമാഗാനമായ സെല്ലുലോയ്ഡിലെ ‘കാറ്റേ കാറ്റേ...’ ആണ്. ആ പാട്ട്‌ എനിക്ക്‌ സമ്മാനിച്ച സംഗീത സംവിധായകൻ എം. ജയചന്ദ്രൻസാറിനോട്‌ നന്ദിയും കടപ്പാടുമുണ്ട്‌.

എന്റെയുള്ളിലെ കഴിവിനെ തിരിച്ചറിഞ്ഞ് സംഗീതലോകത്തേക്ക് കൈപിടിച്ചുകയറ്റിയത് അച്ഛനും അമ്മയുമാണ്. അവരും ഗായകരാണ്. ചെറുപ്പത്തിലേ മുടങ്ങാതെ അവർ എന്നെക്കൊണ്ട് സാധകം ചെയ്യിക്കുമായിരുന്നു. എന്റെ കണ്ണുകളാണ് അവർ. എന്റെ കരുത്തും കരുതലും... എല്ലാ സാഹചര്യത്തിലും എനിക്കൊപ്പം അവരുണ്ട്. വിജയദശമിനാളിലാണ് ഞാൻ ജനിച്ചത്. അച്ഛന്റെ അമ്മ സരോജിനിയമ്മയാണ് വിജയലക്ഷ്മി എന്ന് പേരിട്ടത്. വലിയ ദൈവവിശ്വാസിയാണ് ഞാൻ. വൈക്കത്തപ്പനെയും നാഗചാമുണ്ഡേശ്വരീദേവിയെയും പ്രാർഥിക്കാത്ത നേരമില്ല. ഉൾവിളികൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായപ്പോഴൊക്കെ ദൈവംതന്നെയായിരുന്നു തുണ. എന്റെ സ്വന്തം തീരുമാനപ്രകാരമാണ് വിവാഹമോചനം നടന്നത്.

ഇടയ്ക്ക് എനിക്ക് കാഴ്ച കിട്ടി എന്നുപറഞ്ഞ് വ്യാജവാർത്തകൾ വന്നിരുന്നു. അത്തരം ഗോസിപ്പുകൾ കേൾക്കുമ്പോൾ ദേഷ്യംവരും. എന്നെ കൊതിപ്പിക്കുന്ന ഒരേയൊരു സ്വപ്നമാണത്. വൈക്കത്തപ്പനെയും ദേവിയെയും അച്ഛനെയും അമ്മയെയുമൊക്കെ കാണാനുള്ള കൊതിയുണ്ട്. എന്നെ ഞാനാക്കിയത് അവരാണല്ലോ. അച്ഛനും അമ്മയുമാണ് എന്റെ കളിക്കൂട്ടുകാർ. തമാശയ്ക്കുപോലും അവരുമായി വഴക്കുണ്ടാക്കുന്നത് ഇഷ്ടമല്ല. ഇനിയും ധാരാളം നല്ല പാട്ടുകൾ പാടണമെന്നതാണ് ആഗ്രഹം. മുടങ്ങാതെ സംഗീതം പഠിക്കണം. സാധകം ചെയ്തുകൊണ്ടിരിക്കുക, അവസരങ്ങൾ താനേ തേടിയെത്തുമെന്നാണ് അച്ഛനും അമ്മയും പറയാറുള്ളത്.’’

Content Highlights: Malayalam singer Vaikom Vijayalakshmi expresses her excitement over winning her first Tamil Nadu State Film Award for the song ‘Aaravalli’ and reflects on her musical journey, her bond with KJ Yesudas, and her personal resilience.