ഷണ്മുഖമോ ഡൊമിനിക്കോ? അതോ യുവതാരങ്ങളോ? ജനുവരിയിൽ ബോക്സോഫീസിനെ വിറപ്പിക്കുന്നതാര്?

മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മോശമല്ലാത്ത വർഷമായിരുന്നു 2024. അഞ്ച് നൂറുകോടി ചിത്രങ്ങളും അപ്രതീക്ഷിത വിജയം നേടിയ കൊച്ചുചിത്രങ്ങളുമെല്ലാമായി പാൻ ഇന്ത്യൻ തലത്തിൽത്തന്നെ ചർച്ചാവിഷയമായിരുന്നു മലയാളം. അതിന്റെ തുടർച്ചയെന്നോണം 2025-ന്റെ ആദ്യമാസത്തിൽത്തന്നെ ആസ്വാദകരിൽ വലിയ പ്രതീക്ഷയുണർത്തുന്ന മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്.
1. ഐഡന്റിറ്റി
2025 ജനുവരിയിലെ ആദ്യ റിലീസ് ടൊവിനോ തോമസ് നായകനാവുന്ന ഐഡന്റിറ്റിയാണ്. രണ്ടാം തീയതി റിലീസ് ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. വിനയ് റായ് ആണ് മറ്റൊരു പ്രധാനവേഷത്തിൽ. അഖിൽ പോളും അനസ് ഖാനും സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിറ്റ് ചിത്രമായ ഫോറൻസിക്കിനുശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്നു.
2. രേഖാചിത്രം
ആസിഫ് അലിയെ നായകനാക്കി ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ജനുവരി 9-നാണ് റിലീസ് ചെയ്യുന്നത്. ആസിഫ് അലി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായിക. മനോജ്.കെ.ജയൻ, നിഷാന്ത് സാഗർ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. ദ പ്രീസ്റ്റ് എന്ന ചിത്രത്തിനുശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ചിരിക്കുന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.
3. എന്ന് സ്വന്തം പുണ്യാളൻ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അര്‍ജുന്‍ അശോകനും ബാലുവും അനശ്വരാ രാജനും ഒരുമിക്കുന്നത്. സാംജി എം. ആന്റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജനുവരി പത്തിനാണ് ചിത്രത്തിന്റെ റിലീസ്.
4. പ്രാവിൻകൂട് ഷാപ്പ്
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ജനുവരി 16-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാർക്ക് ഹ്യൂമർ ജോണറിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്നു. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
5. നാരായണീന്റെ മൂന്നാൺമക്കൾ
മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പുതിയചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16-ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. സൂപ്പര്‍ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒരു നാട്ടിന്‍പുറത്തെ ഒരു തറവാടുവീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
6. ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പഴ്സ്
ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിൽ എത്തും. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ.
7. തുടരും
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ചെത്തുന്നുവെന്ന സവിശേഷതയും ഉണ്ട്. ജനുവരി 30-നാണ് ചിത്രത്തിന്റെ റിലീസ്. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മ്മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരുൾപ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
അരിസ്റ്റോ സുരേഷ് നായകനാവുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ, ശബരിമല പശ്ചാത്തലമായ തമിഴ്-മലയാളം ചിത്രം ബമ്പർ, ഒരുമ്പെട്ടവൻ, കമ്മ്യൂണിസ്റ്റ് പച്ച എന്നീ ചിത്രങ്ങളും മലയാള റിലീസുകളായുണ്ട്. അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചിയാണ് ജനുവരിയിൽ തമിഴിൽനിന്നുള്ള പ്രധാന റീലീസ്.
Content Highlights: Get ready for a blockbuster January! 7 highly anticipated Malayalam films