രേഖാചിത്രത്തില്‍ 'പഴയ' മമ്മൂട്ടിയായി എത്തിയത് ട്വിങ്കിള്‍ സൂര്യ; താരത്തെ പരിചയപ്പെടുത്തി സംവിധായകൻ

രേഖാചിത്രത്തിൽ ട്വിങ്കിൾ സൂര്യ | Photo: facebook.com/jofin.tchacko.5
രേഖാചിത്രത്തിൽ ട്വിങ്കിൾ സൂര്യ | Photo: facebook.com/jofin.tchacko.5

സൂപ്പര്‍ഹിറ്റ് ആസിഫ് അലി ചിത്രം രേഖാചിത്രത്തില്‍ 80-കളിലെ മമ്മൂട്ടിയെ അവതരിപ്പിച്ച താരത്തെ പരിചയപ്പെടുത്തി സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന താരമാണ് 80-കളിലെ മമ്മൂട്ടിയെ ചിത്രത്തില്‍ അവതരിപ്പിച്ചത്. ട്വിങ്കിള്‍ സൂര്യയെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന പരിശീലകനും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയതെന്ന് ജോഫിന്‍ പറയുന്നു.

'രേഖാചിത്രം പുറത്തിറങ്ങിയ ദിവസം മുതല്‍, 80-കളിലെ മമ്മൂക്കയെ ചിത്രത്തില്‍ എങ്ങനെ ഉള്‍പ്പെടുത്തി എന്നതിനേക്കുറിച്ച് നിരവധി ചോദ്യങ്ങളും അഭിനന്ദന സന്ദേശങ്ങളും എനിക്ക് ലഭിച്ചു. ഇത് സാധ്യമാക്കിയ ആളുകള്‍ക്ക് നന്ദി പറയാനും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ അവസരം വിനിയോഗിക്കുന്നു; മമ്മൂക്കയുടെ സ്റ്റാന്‍ഡ്-ഇന്‍ ആയി അഭിനയിച്ച, അദ്ദേഹത്തിന്റെ ശരീരഭാഷയും ചലനങ്ങളും പകര്‍ത്തിയ കലാകാരന്‍ ട്വിങ്കിള്‍ സൂര്യ. ആര്‍ട്ടിസ്റ്റ് പരിശീലകന്‍ അരുണ്‍, എഐ വഴി ഡി-എയ്ജിങ് സാധ്യമാക്കിയ ആന്‍ഡ്രൂ, മൈന്‍ഡ്സ്‌റ്റൈന്‍ ടീം. അവരില്‍ ഓരോരുത്തര്‍ക്കും നന്ദി!'- ജോഫിന്‍ ടി. ചാക്കോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിര്‍മിച്ച 'രേഖാചിത്രം' ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം വലിയ വിജയമാണ് നേടിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്.
 

Content Highlights: Twinkle Surya as Young Mammootty in Rekhachithram