‘ആ വിജയം നിന്റെ പിറന്നാൾ സമ്മാനം’; തൃഷയ്ക്ക് പിറന്നാൾ ആശംസ, ടിവികെ വിജയവുമായി ബന്ധപ്പെടുത്തി ആരാധകർ

തൃഷയുടെ പിറന്നാൾ ദിവസം നടിമാരായ ലക്ഷ്മി മഞ്ചുവും രാധിക ശരത്കുമാറും ചാർമി കൗറും പങ്കുവെച്ച ആശംസാക്കുറിപ്പുകൾ ചർച്ചയാവുന്നു. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞ തിങ്കളാഴ്ചയായിരുന്നു തൃഷയുടെ പിറന്നാൾ. ഇതുമായി പരോക്ഷമായി ബന്ധപ്പെടുത്തിയായിരുന്നു പിറന്നാൾ ആശംസകൾ.
'എന്നും അതീവസുന്ദരിയും മനോഹരിയുമായി തിളങ്ങുന്ന തൃഷയ്ക്ക് പിറന്നാൾ ആശംസകൾ. ആഘോഷിക്കാൻ എത്ര മനോഹരമായ ദിവസം. ആ വലിയ വിജയം വഴി നിനക്ക് ഏറ്റവും മികച്ച പിറന്നാൾ സമ്മാനം നൽകാനാണ് പ്രപഞ്ചം തീരുമാനിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഇത് ഇരട്ടി ആഘോഷത്തിന്റെ ദിവസമാണ്'- എന്നായിരുന്നു ലക്ഷ്മി മഞ്ചുവിന്റെ കുറിപ്പ്.
'പിറന്നാൾ ആശംസകൾ, എന്തൊരു സമ്മാനമാണിത്', എന്നായിരുന്നു രാധികാ ശരത്കുമാറിന്റെ ആശംസ. സമാനമായി പരോക്ഷമായിട്ടാണ് ചാർമി കൗറിന്റേയും പിറന്നാൾ പോസ്റ്റ്. തൃഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.
'നിനക്കേറ്റവും വിശേഷപ്പെട്ട ദിവസം, വളരേ പ്രത്യേകതകളുള്ള ആഘോഷങ്ങൾ. നീയൊരു ഭാഗ്യദേവതയാണ്. നിന്റെ ഈ പിറന്നാൾ ചരിത്രപുസ്തകങ്ങളിൽ ഒരു വിജയമായി അടയാളപ്പെടുത്തപ്പെടും. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു'- എന്നായിരുന്നു ചാർമി കൗറിന്റെ കുറിപ്പ്.
തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ ഫലവുമായി ചേർത്തുവെച്ചാണ് ആരാധകർ ആശംസാക്കുറിപ്പുകളെ വായിച്ചത്. പാർട്ടിയുണ്ടാക്കി നേരിട്ട കന്നിത്തിരഞ്ഞെടുപ്പിൽ വിജയ് മിന്നും വിജയമാണ് തമിഴ്നാട്ടിൽ നേടിയത്. 107 സീറ്റുമായി വിജയ്യുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി.
Content Highlights: Trisha's birthday coincided with the 2026 Tamil Nadu election results. Celebrities Lakshmi Manchu, Radikaa Sarathkumar, and Charmee Kaur sent birthday wishes. The wishes indirectly referenced actor Vijay's major electoral success. Vijay's party, Tamizhaga Vetri Kazhagam, emerged as the single largest party with 107 seats