'ലോകം പറയട്ടെ, ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ച ചിത്രമെന്ന്'; ഷാജികുമാറിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി തരുൺ മൂർത്തി

അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറിനെ അനുസ്മരിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. തരുൺ മൂർത്തി സംവിധാനംചെയ്ത തുടരും, റിലീസാവാനൊരുങ്ങുന്ന അതിമനോഹരം എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ഷാജികുമാറായിരുന്നു. തനിക്ക് അദ്ദേഹം ആരായിരുന്നുവെന്ന് വാക്കുകളിലൂടെ പൂർണമായി വിവരിക്കാനാകുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തരുൺ പറഞ്ഞു. ഷാജികുമാറിനൊപ്പമുള്ള അവസാനമെടുത്ത ചിത്രം എന്ന വിശേഷണത്തോടെ ഒരു ഫോട്ടോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
തരുൺ മൂർത്തിയുടെ വാക്കുകൾ ഇങ്ങനെ:
അതെ... ഇതാണ് ഞങ്ങളുടെ അവസാനത്തെ ചിത്രം. അദ്ദേഹത്തെക്കുറിച്ച് എഴുതിയാൽ എനിക്ക് മതിയാകില്ല. അദ്ദേഹം എനിക്ക് ആരായിരുന്നുവെന്ന് വിവരിക്കാൻ എനിക്ക് സാധിക്കുന്നില്ല.
ആശയപരമായും മനോഭാവപരമായും സൗന്ദര്യശാസ്ത്രപരമായും എനിക്ക് ഒരിക്കലും ഒപ്പമെത്താൻ കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. സിനിമയിൽ ഞങ്ങൾ രണ്ട് ധ്രുവങ്ങളിലാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ അവ വെറും കാഴ്ചപ്പാടുകൾ മാത്രമായിരുന്നു, ഒരുപക്ഷേ ഞങ്ങൾക്ക് ചുറ്റുമുള്ള സിനിമാലോകം രൂപപ്പെടുത്തിയ വിശ്വാസങ്ങൾ.
ജോലിയിലൂടെയും, സംഭാഷണങ്ങളിലൂടെയും, നിരന്തരമായ യാത്രകളിലൂടെയും, ഫോൺ കോളുകളിലൂടെയും, അന്ത്യമില്ലാത്ത മെസ്സേജുകളിലൂടെയും കലയുടെ ഒരേ ധ്രുവത്തിൽ ഞങ്ങൾ പതിയെ ഒന്നായി. അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ ചിന്തകളും സൗന്ദര്യബോധവും കാഴ്ചപ്പാടും ഒന്നായി, ഒടുവിൽ ഞങ്ങളുടെ ലക്ഷ്യവും ഒന്നായി മാറി.
എന്റെ സിനിമയുടെ ഛായാഗ്രാഹകൻ എന്നതിലുപരി, അദ്ദേഹം എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു. സിനിമാമേഖലയിലെ ഏറ്റവും സീനിയർ വ്യക്തികളിൽ ഒരാളെന്ന നിലയിൽ, നിലപാടുകളിൽ ഉറച്ചുനിൽക്കാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും എന്റെ കാഴ്ചപ്പാടുകൾ ഒരിക്കലും കൈവിടാതിരിക്കാനും അദ്ദേഹം എപ്പോഴും എന്നെ ഓർമ്മിപ്പിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം, ഇത് എന്റെ കരിയറിലും ജീവിതത്തിലും വലിയൊരു നഷ്ടമാണ്. നിങ്ങളുടെ സാന്നിധ്യം ഞാൻ എന്നെന്നേക്കുമായി മിസ് ചെയ്യും. ഷാജിയേട്ടാ എന്നുള്ള എന്റെ ആ വിളിയും റെഡി, സർ എന്നുള്ള നിങ്ങളുടെ പെട്ടന്നുള്ള മറുപടിയും തീർച്ചയായും ഞാൻ മിസ് ചെയ്യും... ഷാജിയേട്ടാ, നിങ്ങളെ ഞാൻ മിസ് ചെയ്യും.
'അതിമനോഹരത്തിലൂടെ' നിങ്ങൾ എനിക്ക് തന്നത് ലോകത്തിന് കാണിച്ചുകൊടുക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകം പറയട്ടെ... “ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ചത്.”
ഈ മാസം പത്തിനായിരുന്നു ഷാജികുമാറിന്റെ അപ്രതീക്ഷിത വിയോഗം. ആലപ്പുഴയിലെ ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ ശാരീരികാസ്വസ്ഥ്യത്തെത്തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2001-ലാണ് ഉത്തമൻ എന്ന ചിത്രത്തിലൂടെ ഷാജി കുമാർ ക്യാമറയുമായി സിനിമയിലെത്തുന്നത്. പിന്നീട് മലയാള സിനിമയിലെ മികച്ച പല ചിത്രങ്ങളുടെയും ദൃശ്യ വിസ്മയം ഒരുക്കി.
നരൻ, ഒടിയൻ, പോക്കിരിരാജ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യ വിസ്മയത്തിന് പിന്നിലും ഷാജി കുമാർ ആയിരുന്നു. മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ അതിമനോഹരം , സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പൻ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ.
Content Highlights: Filmmaker Tharun Moorthy shared an emotional social media tribute along with his last photograph with late veteran cinematographer Shaji Kumar—who passed away on November 10 and lensed Moorthy's Thudarum and upcoming Mohanlal-starrer Athimanoharam—remembering him as an elder brother and eagerly awaiting audiences to witness his finest work in Athimanoharam.