ടൊറോന്റോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങാൻ റിച്ചി മേത്തയുടെ 'ഫൂലൻ'

#സുരേഷ് നെല്ലിക്കോട്
റിച്ചി മേത്ത, ഫൂലൻ പോസ്റ്റർ
റിച്ചി മേത്ത, ഫൂലൻ പോസ്റ്റർ

51-ാമത് ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (TIFF) കൊടിയേറാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഗാലാ, പ്ലാറ്റ്ഫോം, സ്പെഷ്യൽ പ്രസന്റേഷൻ എന്നീ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യൻ-കനേഡിയൻ സംവിധായകൻ റിച്ചി മേത്തയുടെ 'ഫൂലൻ' എന്ന ചിത്രവും ഇടംനേടി.

ഫൂലൻ ദേവിയുടെ ആത്മകഥയായ 'ഐ ഫൂലൻ ദേവി: ദ ഓട്ടോബയോഗ്രഫി ഓഫ് ഇന്ത്യാസ് ബാൻഡിറ്റ് ക്വീൻ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നമാഹ് പിക്ചേഴ്സിന്റെ ബാനറിൽ ഷെറീൻ മന്ത്രി കേഡിയ, കിഷോർ അറോറ, കൻവാൽ കോഹ്ലി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സ്നേഹാ കുമാരിയാണ് ഫൂലൻ ദേവിയായി എത്തുന്നത്. അനുരാഗ് ഠാക്കൂർ, വിക്രം പ്രതാപ് സിങ്, ആകാശ് ദഹിയ, പ്രതീക് പച്ചോരി, ദേവ്ദത്ത് ബുധോലിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചമ്പലിലെ കൊള്ളക്കാരിയിൽ നിന്ന് പാർലമെന്റ് അംഗത്തിലേക്കുള്ള ഫൂലൻ ദേവിയുടെ ജീവിത മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. രണ്ടായിരത്തോളം വരുന്ന സുരക്ഷാ സേനയോട് 48 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അവർ നടത്തിയ കീഴടങ്ങലാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.

ഫൂലൻ ദേവിയുടെ ജീവിതം ആസ്പദമാക്കി ഇതിനു മുൻപും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. 1994-ൽ ശേഖർ കപൂർ സംവിധാനം ചെയ്ത 'ബാൻഡ്വിറ്റ് ക്വീൻ' ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു. സീമാ ബിശ്വാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.

എമ്മി പുരസ്കാരം നേടിയ നെറ്റ്ഫ്ലിക്സ് സീരീസ് 'ഡൽഹി ക്രൈം', ആമസോൺ പ്രൈമിലെ 'പോച്ചർ' എന്നീ ശ്രദ്ധേയമായ പ്രോജക്റ്റുകൾക്ക് ശേഷമാണ് റിച്ചി മേത്ത 'ഫൂലനു'മായി എത്തുന്നത്. പുതിയ ചിത്രത്തിന്റെ ആഗോള വിതരണാവകാശം പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.

2007-ൽ പുറത്തിറങ്ങിയ 'അമൽ' എന്ന ചിത്രത്തിലൂടെയാണ് റിച്ചി മേത്ത ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ ഏഷ്യൻ-അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിലെ അഭിനയത്തിന് രൂപീന്ദർ നഗ്രയ്ക്ക് വിസ്ലർ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2013-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'സിദ്ധാർഥ്' എന്ന ചിത്രവും ടൊറോന്റോ, പ്യോങ്യാങ് അന്താരാഷ്ട്ര മേളകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Content Highlights: Indian-Canadian director Richi Mehta's upcoming film 'Phoolan' has been officially selected for screening at the prestigious 51st Toronto International Film Festival (TIFF). Based on the autobiography 'I, Phoolan Devi: The Autobiography of India's Bandit Queen', the movie features actress Sneha Kumari playing the titular lead role