ഫഹദിന് കരുതിയ വേഷത്തിൽ റിസ് അഹമ്മദ്?; ഇനാരിറ്റുവിന്റെ ടോം ക്രൂസ് ചിത്രം ‘ഡിഗ്ഗർ’ ട്രെയിലർ പുറത്ത്

ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന്റെ പുതിയ ചിത്രം 'ഡിഗ്ഗറി'ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. തീർത്തും വ്യത്യസ്തമായ മേക്കപ്പിലും ശരീരഭാഷയിലും തെക്കൻ അമേരിക്കൻ ഉച്ചാരണവുമായാണ് ടോം ക്രൂസിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക തകർച്ചയും പ്രതിപാദിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് ഓസ്‌കർ ജേതാവ് അലഹാന്ദ്രോ ഗോൺസാലസ് ഇനാരിറ്റു സംവിധാനം ചെയ്യുന്ന 'ഡിഗ്ഗർ'.
ഡിഗ്ഗർ റോക്ക്‌വെൽ എന്ന ശതകോടീശ്വരനായ വ്യവസായിയായാണ് ടോം ക്രൂസ് എത്തുന്നത്. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രവർത്തനങ്ങളാണ് ഗ്രീൻലാൻഡിലെ ഹിമാനി വലിയ തോതിൽ നീങ്ങാൻ ഇടയാക്കി ആഗോള പരിസ്ഥിതി ദുരന്തത്തിന് കാരണമായതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
സൂം മീറ്റിങ്ങിനിടെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. തുടർന്ന് അമേരിക്കൻ പ്രസിഡന്റായി എത്തുന്ന ജോൺ ഗുഡാമാനുമായി ചേർന്ന് ദുരന്തം നിയന്ത്രിക്കാൻ ഡിഗ്ഗർ നടത്തുന്ന ദൗത്യമാണ് ട്രെയിലറിന്റെ പ്രധാന ഉള്ളടക്കം. സാഹചര്യം നിയന്ത്രിക്കാൻ സർക്കാർ 18 ട്രില്യൺ ഡോളർ വരെ ചെലവഴിക്കേണ്ടിവരുമെന്ന് പ്രസിഡന്റും മന്ത്രിസഭയും തിരിച്ചറിയുന്നതും ട്രെയിലറിൽ കാണാം.
എല്ലാം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ, താൻ സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് ലോകത്തെ രക്ഷിക്കാനാകുക തനിക്കു മാത്രമാണെന്ന് വിശ്വസിച്ച് ഡിഗ്ഗർ നടത്തുന്ന അപകടകരമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ട്രെയിലർ പുറത്തിറങ്ങിയതോടെ സാമൂഹികമാധ്യമങ്ങളിൽ ടോം ക്രൂസിന്റെ പ്രകടനമാണ് ചർച്ചയാകുന്നത്. ടോം ക്രൂസിന് ഇത്തവണ ഓസ്‌കർ ഉറപ്പ് എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഇനാരിറ്റുവും ടോം ക്രൂസും ഒന്നിക്കുന്ന ചിത്രം ഒരു സ്വപ്നതുല്യമായ കോമ്പിനേഷനാണെന്ന് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടു. ബേർഡ്മാൻ പോലെ മറ്റൊരു മാസ്റ്റർപീസ് പ്രതീക്ഷിക്കുന്നു എന്നും അവർ പറയുന്നു.
ഇനാരിറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയിൽ അലക്സാണ്ടർ ഡിനെലാരിസ്, നിക്കോളസ് ജിയാക്കോബോൺ, സബീന ബെർമാൻ എന്നിവരും പങ്കാളികളാണ്. ഇനാരിറ്റു, മേരി പാരന്റ്, ടോം ക്രൂസ്, മൈക്കൽ ഷാർപ്പ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
നേരത്തെ, ചിത്രത്തിനായി തന്നെ ഇനാരിറ്റു ഓഡിഷൻ ചെയ്തുവെന്ന് ഫഹദ് ഫാസിൽ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൽ ഗണേഷ് എന്ന ഇന്ത്യക്കാരനായി റിസ് അഹമ്മദ് അഭിനയിക്കുന്നു. ഇതേ വേഷത്തിനാണോ ഫഹദിനെ ഓഡിഷൻ ചെയ്തതെന്നതിൽ സ്ഥിരീകരണമില്ല.
ഇനാരിറ്റു ഒരു കഥാപാത്രത്തിനായി തന്നെ സമീപിച്ചിരുന്നുവെന്നും ഇതിനായി ഓഡിഷനിൽ പങ്കെടുത്തുവെന്നും ഫഹദ് ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. കഥാപാത്രത്തിന് ആവശ്യമായ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയിൽ സംവിധായകന് പൂർണ്ണ തൃപ്തിയുണ്ടായിരുന്നില്ല. ഉച്ചാരണം ശരിയാക്കിയെടുക്കുന്നതിനായി അമേരിക്കയിൽ പോയി പ്രത്യേക പരിശീലനം നേടണമെന്ന് സംവിധായകൻ നിർദ്ദേശിച്ചു. നാല് മാസമെങ്കിലും ഇതിനായി മാത്രം യു.എസിൽ തുടരേണ്ടതുണ്ടായിരുന്നു. എന്നാൽ പരിശീലനത്തിനാവശ്യമായ ചെലവുകൾ വഹിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ തയ്യാറായിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് തനിക്ക് ലഭിച്ച വലിയ ഹോളിവുഡ് അവസരം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
Content Highlights: Tom Cruise stars as billionaire Digger Rockwell in a political satire about climate change. Directed by Oscar-winner Alejandro G. Iñárritu, the film explores global environmental collapse. Fahadh Faasil confirmed he auditioned for the film but declined due to training constraints. Riz Ahmed portrays the character of Ganesh in the film. The film features high-stakes drama involving the US government and an $18 trillion crisis