‘സാവധാനം വരുന്നവർക്ക് സിംഹാസനം’; മേയർ സ്ഥാനം നിഷേധിക്കപ്പെട്ട ദീപ്തി മേരിക്ക് പിന്തുണയുമായി ടിനി ടോം

#Movies Desk
ദീപ്തി മേരി വര്‍ഗീസും ടിനി ടോമും | Photo: Facebook/ Tiny Tom
ദീപ്തി മേരി വര്‍ഗീസും ടിനി ടോമും | Photo: Facebook/ Tiny Tom

കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് പിന്തുണയുമായി നടൻ ടിനി ടോം. ദീപ്തിക്കൊപ്പമുള്ള ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ടിനി പിന്തുണ അറിയിച്ചത്. മേയറേക്കാൾ വലിയ സ്ഥാനം ദീപ്തിയെ കാത്തിരിക്കുന്നുവെന്ന് ടിനി ചിത്രത്തിനൊപ്പം കുറിച്ചു.

'എന്നും മഹാരാജാസിലെ കോളേജ് മേറ്റിനൊപ്പം. നഷ്ടപ്പെടുമ്പോൾ ഓർത്തോ, അതിലും വലുത് കാത്തിരിക്കുന്നു. സാവധാനം വരുന്നവർക്ക് സിംഹാസനം', ടിനി ടോം കുറിച്ചു.

കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തിക്കാണിച്ചിരുന്നു. എന്നാൽ, വി.കെ. മിനി മോളെ മേയറാക്കാനാണ് ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഡിസിസി പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചു. ടേം വ്യവസ്ഥയിൽ ആദ്യരണ്ടരക്കൊല്ലം മിനി മോൾ മേയർ സ്ഥാനത്തിരിക്കും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവായിരിക്കും മേയർ.

കൊച്ചി കോർപറേഷനിലെ സ്റ്റേഡിയം വാർഡിൽനിന്നുള്ള പ്രതിനിധിയാണ് ദീപ്തി. പാർട്ടിയിൽ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കൾ. ലത്തീൻ വിഭാഗത്തിൽ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ദീപ്തി മാത്രമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന നിർദ്ദേശമിരിക്കെ ദീപ്തിയെ വെട്ടിയതിനെതിരേ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Content Highlights: Kochi Mayor Seat Controversy: Actor Tiny Tom Extends Support to Deepthi Mary Varghese