ടൈഗർ 3യിൽ അതിഥി വേഷത്തിൽ ഷാരൂഖ് വേണ്ട, ക്യാമ്പെയ്നുമായി സൽമാൻ ആരാധകർ

ഷാരൂഖ് ഖാനും സൽമാൻ ഖാനും | ഫോട്ടോ: എ.എഫ്.പി
ഷാരൂഖ് ഖാനും സൽമാൻ ഖാനും | ഫോട്ടോ: എ.എഫ്.പി

ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള രണ്ട് താരങ്ങളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇന്ത്യയിലെമ്പാടും ഇരുവർക്കും വൻ ആരാധകവൃന്ദമാണുള്ളത്. മുൻപ് കരൺ അർജുൻ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച ഇവർ പിന്നീട് ഒരുചിത്രത്തിനായും ഒന്നിച്ചിരുന്നില്ല. സൽമാൻ ഖാൻ നായകനാവുന്ന ടൈ​ഗർ 3-യിൽ ഷാരൂഖ് അതിഥിവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ ചിത്രം ഷാരൂഖിന്റെ സാന്നിധ്യംകൊണ്ട് ഒരു കാമ്പയിനിലും ഇടംപിടിച്ചിരിക്കുകയാണ്.

ടൈ​ഗർ 3യിൽ നിന്ന് ഷാരൂഖിനെ മാറ്റണമെന്നാണ് സൽമാൻ ഖാൻ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. ആമിർ ഖാൻ നായകനായ 'ലാൽ സിംഗ് ഛദ്ദ' ബോക്സ് ഓഫീസിൽ ശ്രദ്ധ നേടാത്തതിന് പിന്നാലെയാണ് ആരാധകർ പുതിയ ആവശ്യവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇതാണ് സിനിമയുടെ പരാജയത്തിന് കാരണം എന്നാണ് ആരാധകരുടെ അവകാശവാദം.

വി ഡോണ്ട് വാണ്ട് എസ്ആർകെ ഇൻ ടൈ​ഗർ 3 എന്ന ഹാഷ്ടാ​ഗിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 'വാർ' എന്ന സിനിമയിലെ ഹൃതിക് റോഷന്റെ കബീർ എന്ന കഥാപാത്രത്തെ ഷാരൂഖിന് പകരം കൊണ്ടുവരണമെന്നും ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

സ്പൈ യൂണിവേഴ്സ് എന്ന രീതിയിലാണ് ഷാരൂഖ് ഖാനെ ടൈ​ഗർ 3യിൽ കൊണ്ടുവരുന്നത്. പത്താൻ എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലാണ് ഷാരൂഖ് ടൈ​ഗർ 3യിൽ എത്തുക. പത്താനിൽ ടൈ​ഗർ 3യിലെ കഥാപാത്രമായി സൽമാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. 

Content Highlights: Tiger 3, Salman Khan, Sha Rukh Khan, Pathan, Salman Khan Fans' Twitter Campaign against Sha Rukh