തഗ് ലൈഫ്; തീയേറ്ററിൽ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണ്ടാസംഘങ്ങളല്ല- സുപ്രീംകോടതി

കമല്‍ഹാസന്റെ 'തഗ് ലൈഫ്' ചിത്രത്തിന്റെ റിലീസ് തടഞ്ഞതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിയമം ആവശ്യപ്പെടുന്നത് സിനിമ റിലീസ് ചെയ്യണമെന്നാണെന്ന് കോടതി പറഞ്ഞു. നടന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളേയും കോടതി വിമര്‍ശിച്ചു.
ആള്‍ക്കൂട്ട ഭീഷണികള്‍ക്ക് നിയമവാഴ്ചയെ ബന്ദിയാക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞു. തീയേറ്ററുകളില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഈ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ആരെങ്കിലും ഒരു ഒരു പ്രസ്താവന നടത്തിയാല്‍ അത് മറ്റൊരു പ്രസ്താവനയിലൂടെ നേരിടാം. തീയേറ്റര്‍ കത്തിക്കുമെന്ന് നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്താനാവില്ല- കോടതി പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കമല്‍ഹാസനോട് വിയോജിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് കര്‍ണാടകയിലെയും ബെംഗളുരുവിലേയുംപ്രബുദ്ധരായ ജനങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് പറയുന്ന പ്രസ്താവന അവര്‍ക്ക് പുറത്തിറക്കാം. എന്തിനാണ് തീയേറ്റര്‍ കത്തിക്കുന്നത് ?- സുപ്രീം കോടതി ചോദിച്ചു.
സിനിമയുടെ നിര്‍മാതാവ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി സ്വമേധയാ ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. പ്രശ്‌നം പരിഹരിക്കാന്‍ നടന്‍ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ സുപ്രീംകോടതി വിമര്‍ശിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയാല്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണം. ജനങ്ങള്‍ക്ക് അത് കാണേണ്ടെന്ന് തീരുമാനിക്കാം. പക്ഷെ, സിനിമ റിലീസ് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Content Highlights: Thug Life' must be released per the rule of law, the Supreme Court said Tuesday