POCSO കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവുശിക്ഷ; വിധി തൃശൂർ ഫാസ്റ്റ് ട്രാക്ക് 2 കോടതിയുടേത്

തൃശ്ശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ട് ഒരു കൊല്ലം തടവുശിക്ഷ വിധിച്ചു. തൃശൂർ അയ്യന്തോളിലൂടെ നടന്നുപോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിലാണ് വിധി. 2022 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവം നടന്ന അക്കാലത്തുതന്നെ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിശദമായ വാദം കേട്ടതിനെത്തുടർന്നാണ് തിങ്കളാഴ്ച ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു വർഷം വരെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. 50,000 രൂപ പിഴയും നൽകണം. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപ്പീലുണ്ടെങ്കിൽ നാലുമാസത്തിനകം നൽകാനും വിധി പ്രസ്താവത്തിലുണ്ട്.
ഇതേ കേസിൽ ശ്രീജിത്ത് രവിയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. വാദം നടക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത് ശ്രീജിത്ത് രവിയ്ക്ക് മാനസികമായ ചില പ്രശ്നങ്ങളുണ്ടെന്നും അതിന്റെ ഭാഗമായി ചികിത്സ നടത്തിവരികയാണെന്നുമാണ്. ചികിത്സയിൽ വീഴ്ച വരുമ്പോഴാണ് നഗ്നതാ പ്രദർശനം പോലുള്ള പ്രവർത്തികൾ നടത്തുന്നതെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം മുഖവിലയ്ക്കെടുത്തില്ല. കൂടാതെ കേസിൽ ശ്രീജിത്ത് രവി കുറ്റക്കാരനാണെന്ന് വിധിക്കുകയും ചെയ്തു.
കാറിലെത്തിയാണ് നടന്നുവരികയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരേ ശ്രീജിത്ത് രവി നഗ്നതാപ്രദർശനം നടത്തിയത്. കുട്ടികൾ സ്കൂൾ വിട്ട് വരുന്നതിന് മുമ്പുതന്നെ ഇയാൾ ഇവിടേക്ക് കാറിലെത്തിയിരുന്നു. തുടർന്ന് കുട്ടികൾ വന്നപ്പോൾ കാറിൽനിന്നിറങ്ങി അവരെ വിളിച്ച് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഇയാൾ സിനിമാ നടനാണെന്ന് കുട്ടികളോ ഇവരുടെ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.
തുടർന്ന് പോലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ഇതോടെയാണ് കാറിൽ വന്നത് നടൻ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. തുടർന്നായിരുന്നു അറസ്റ്റ്.
Content Highlights: The Thrissur Fast Track Special Court II has found Malayalam actor Sreejith Ravi guilty in a 2022 POCSO case involving indecent exposure to minor schoolgirls in Ayyanthole, sentencing him to up to one year of imprisonment and a ₹50,000 fine while rejecting his defense's plea of mental health issues.