ഇന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ ത്രില്ലര്‍ സീരീസ് 'ദി ജംഗബുരു കേഴ്സ്'; സോണി ലിവില്‍

The Jengaburu Curse
The Jengaburu Curse

രാജ്യാന്തര പ്രശസ്തി നേടിയ ദേശീയ അവാര്‍ഡ് ജേതാവും നിര്‍മ്മാതാവും സംവിധായകനുമായ നില മാധബ് പാണ്ഡ ഇന്ത്യയിലെ ആദ്യത്തെ 'ക്ലൈ-ഫൈ (കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കഥാസാഹിത്യം) ത്രില്ലര്‍ പരമ്പര 'ദി ജംഗബുരു കേഴ്സു'മായി രംഗത്തെത്തുന്നു. സോണി ലിവില്‍ 2023 ഓഗസ്റ്റ് 09 മുതലായിരിക്കും പരമ്പര സ്ട്രീം ചെയ്യുക. ഒഡീഷയിലെ ഒരു ചെറുപട്ടണത്തില്‍ സംഭവിക്കുന്ന കഥയില്‍ ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വിശകലന വിദഗ്ധ പ്രിയാദാസിന്റെ ജീവിതമാണ് പിന്തുടരുന്നത്. 

പ്രിയയുടെ അച്ഛന്‍ പ്രൊഫ. ദാസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതാവുമ്പോള്‍ ഒഡീഷയിലേക്ക് മടങ്ങി വരാൻ അവള്‍ നിര്‍ബന്ധിതയാകുന്നു. അച്ഛനു വേണ്ടി പ്രിയ തിരച്ചില്‍ ആരംഭിക്കുമ്പോള്‍ അസാധാരണമായ സംഭവവികാസങ്ങളുടെ പരമ്പര തന്നെ ഉണ്ടാവുകയും തുടര്‍ന്ന് ഖനനങ്ങളുടെ നാടായ ഒഡീഷയും അവിടത്തെ പ്രാദേശിക ബോണ്ടിയ ഗോത്രവും തമ്മിലുള്ള അമ്പരപ്പിക്കുന്ന ഒരു ബന്ധം ചുരുളഴിക്കുന്നു. നില മാധബിന്റെ ആദ്യ ഒ.ടി.ടി. പരമ്പര കൂടിയാണ് 'ദി ജംഗബുരു കേഴ്സ്'. മനുഷ്യകുലത്തിന്റെ പ്രകൃതിക്ക് മേലുള്ള അവസാനിക്കാത്ത മേല്‍കൊയ്മയുടെ പ്രത്യാഘാതങ്ങളിലേക്ക് ഈ പരമ്പര ആഴ്ന്നിറങ്ങുന്നു.

സ്റ്റുഡിയോ നെക്സ്റ്റ് നിര്‍മ്മിക്കുന്ന 'ദി ജംഗബുരു കേഴ്സിന്റെ' ആശയവും  സംവിധാനവും നില മാധബ് പാണ്ഡയാണ്. മായംഗ് തിവാരിയുടെ കഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പൗലോ പെരസ് ആണ്. അളകനന്ദ ദാസ്ഗുപ്തയും ദുര്‍ഗ്ഗാ പ്രസാദ് മൊഹപത്രയും സംഗീത സംവിധാനം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവ യഥാക്രമം നിര്‍വഹിക്കുന്നു. ജബീന്‍ മര്‍ച്ചന്റ് എഡിറ്റ് ചെയ്തിരിക്കുന്ന പരമ്പരയില്‍ ഫാരിയ അബ്ദുള്ള, നാസര്‍, മകരന്ദ് ദേശപാണ്ഡെ, സുദേവ് നായര്‍, ദീപക് സമ്പത്ത്, ഹിദേശ് ദാവെ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

''ദി ജംഗബുരു കേഴ്സ് ഇന്ത്യയിലെ ആദ്യത്തെ ക്ലൈ-ഫൈ ത്രില്ലര്‍ പരമ്പരയാണ്. പ്രകൃതി സമ്പത്തുകള്‍ക്ക് വേണ്ടിയുള്ള മനുഷ്യന്റെ നിലയ്ക്കാത്ത ആര്‍ത്തിയുടെ ദോഷങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ഈ പരമ്പര അതിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തുന്നു. 'ജംഗബുരു'വിലൂടെ പ്രേക്ഷകരെ ഒരേസമയം ആഹ്ലാദിപ്പിക്കുകയും അതോടൊപ്പം പരിസ്ഥിതി സംരംക്ഷണത്തിന്റെ അടിയന്തരമായ അനിവാര്യതയെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പ്രഗല്‍ഭരായ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഒരുമിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ ത്രില്ലടിപ്പിക്കുന്ന സാഹസികതയോടൊപ്പം ഞങ്ങളുടെ കൂടെ പ്രേക്ഷകരെ കൂടി കൂട്ടിക്കൊണ്ടു പോകുവാന്‍ ഞങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്.'' സംവിധായകന്‍ നില മാധബ് പാണ്ഡ പറഞ്ഞു.

Content Highlights: The Jengaburu Curse climate fiction web series sonyliv august 9