ഷീന ബോറയെ കൊന്നത് നിങ്ങളോ? ഉത്തരവുമായി അമ്മ ഇന്ദ്രാണി മുഖര്‍ജി; ട്രെയ്ലർ

ഇന്ദ്രാണി മുഖർജി, ഷീന ബോറ
ഇന്ദ്രാണി മുഖർജി, ഷീന ബോറ

വിവാദമായ ഷീന ബോറ കൊലക്കേസിനെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 'ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി;  ബറീഡ് ട്രൂത്ത്' എന്ന് പേരില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററി ഫെബ്രുവരി 23 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. ഷീനയുടെ മാതാവും കേസിലെ പ്രതിയുമായ ഇന്ദ്രാണി  മുഖര്‍ജി തന്നെ തന്റെ ഭാഗം പറയാന്‍ ഡോക്യുമെന്ററിയിലെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നു. 

2012ല്‍ മകള്‍ ഷീന ബോറയെ, മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്  കൊലപ്പെടുത്തിയെന്നാണ് ഇന്ദ്രാണി മുഖര്‍ജിയ്‌ക്കെതിരേയുള്ള കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. 

2012 ല്‍ ഏപ്രില്‍ 24 ന് ഷീന താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ അവധിക്കപേക്ഷിക്കുകയും അതോടൊപ്പം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം. അതേ ദിവസം തന്നെ, പ്രണയം അവാസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഒരു എസ്.എം.എസ് ഷീനയുടെ ഫോണില്‍ നിന്നും കാമുകന്‍ രാഹുല്‍ മുഖര്‍ജിയ്ക്ക് ലഭിക്കുകയും ചെയ്തു. ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍ മുഖര്‍ജി ( പീറ്റര്‍ മുഖര്‍ജിയ്ക്ക് ആദ്യഭാര്യ ശബ്‌നം മുഖര്‍ജിയിലുണ്ടായ മകന്‍). ഇന്ദ്രാണിയ്ക്ക് ആദ്യ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസില്‍ പിറന്ന മകളായിരുന്നു ഷീന. ഷീന തന്റെ സഹോദരി ആണെന്നാണ് ഇന്ദ്രാണി മുഖര്‍ജി പീറ്റര്‍ മുഖര്‍ജിയോടക്കം എല്ലാവരോടും പറഞ്ഞിരുന്നത്. 

ഷീനയെ കാണാതായപ്പോള്‍,  ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി എന്നായിരുന്നു ഇന്ദ്രാണി മുഖര്‍ജി പോലീസിനോട് പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലീസ് തയ്യാറായില്ല. 2012 ഏപ്രില്‍ 24 നു ശേഷം ആരും തന്നെ ഷീനയെ കണ്ടിട്ടുമില്ല. രാഹുലിന്റെ പരാതിപ്രകാരം, ഇന്ദ്രാണിയുടെ വര്‍ളിയിലുള്ള വീട് പോലീസ് പരിശോധിച്ചെങ്കിലും, ഷീന അമേരിക്കയിലേക്കു പോയി എന്ന മൊഴി തന്നെയാണ് അവിടെയുള്ള ജോലിക്കാരും ആവര്‍ത്തിച്ചത്. രാഹുലിന്റെ ശല്യം കാരണമാണ് ഷീന ഇന്ത്യ വിട്ട് അമേരിക്കക്കു പോയതെന്ന് ഇന്ദ്രാണി പോലീസില്‍ പരാതി നല്‍കി. 

ഇന്ദ്രാണിയുടെ ഡ്രൈവര്‍ ഷ്യാംവര്‍ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീനയുടെ തിരോധാനം കൊലക്കേസായി മാറുന്നത്. ഷ്യാംവറാണ് കൊലപാതക വിവരം മുംബൈ പോലീസിനെ അറിയിച്ചത്. അന്വേഷണം പുരോഗമിച്ചപ്പോഴാണ്  ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തറിഞ്ഞത്. രാഹുല്‍ മുഖര്‍ജിയും മകളും തമ്മിലുള്ള ബന്ധം ഇന്ദ്രാണിയ്ക്ക് ഇഷ്ടമായിരുന്നില്ല. മുംബൈയില്‍ ഒരു വീട് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷീന, ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തിയ ശേഷം റായ്ഗഡിലേക്ക് മൃതശരീരം കൊണ്ട് പോയി നശിപ്പിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. എന്നാല്‍ ഇത് ഇന്ദ്രാണി നിഷേധിച്ചു. ഇന്ദ്രാണിക്ക് പുറമേ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഈ കേസില്‍ അറസ്റ്റിലായിരുന്നു.

കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയും ഇന്ദ്രാണിയുടെ ഭര്‍ത്താവുമായിരുന്ന പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. പീറ്റര്‍ മുഖര്‍ജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനിടെ പലതവണ ജാമ്യം തേടി ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐ. കോടതിയെ സമീപിച്ചിരുന്നെങ്കിലു ജാമ്യാപേക്ഷ തള്ളികൊണ്ടേയിരുന്നു. പിന്നീട് ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കുകയായിരുന്നു. 

Content Highlights: indrani mukerjea, Crime Documentary, Netflix India, Sheena Bora case, High profile murders in India