രാജേഷ് ടച്ച്‌റിവറിന്റെ സയനൈഡില്‍ തനിഷ്ഠ ചാറ്റര്‍ജിയും

രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന സയനൈഡില്‍ ബോളിവുഡ് താരം തനിഷ്ഠ ചാറ്റര്‍ജിയും. സിനിമയിലെ ഒരു നിര്‍ണായക കഥാപാത്രമായാണ് തനിഷ്ഠ എത്തുന്നതെന്ന് രാജേഷ് ടച്ച് റിവര്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് അഭിനയ പഠനം പൂര്‍ത്തിയാക്കി, നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം അഭിനയിച്ച 'ദേഖ് ഇന്ത്യന്‍ സര്‍ക്കസി'ലൂടെ മികച്ചനടിക്കുള്ള ദേശീയ പുരസ്‌കാരം (സ്‌പെഷ്യല്‍ ജൂറി) സ്വന്തമാക്കിയ തനിഷ്ഠ ചാറ്റര്‍ജി ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലണ്ടന്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ആറ് ഓസ്‌കാര്‍ നോമിനേഷനുകളും ബാഫ്റ്റ പുരസ്‌കാരങ്ങളും നേടിയ ഇംഗ്ലീഷ് ചിത്രം 'ലയണ്‍', പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മജീദ്
മജീദിയുടെ 'ബിയോണ്‍ഡ് ദി ക്ലൗഡ്‌സ്', 'ആന്‍ഗ്രി ഇന്‍ഡ്യന്‍ ഗോഡസ്സ്', 'പാര്‍ച്ച്ഡ്', എന്നീ സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
ജര്‍മന്‍ ചിത്രമായ 'ഷാഡോസ് ഓഫ് ദ ടൈം' എന്ന ചിത്രത്തിലൂടെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മുന്‍നിര ചലച്ചിത്രമേളകളിലെ പ്രേക്ഷകര്‍ക്കുകൂടി സ്വീകാര്യയായി മാറി തനിഷ്ഠ.
തന്റെ കനേഡിയന്‍ ചിത്രമായ 'സിദ്ധാര്‍ത്ഥ്' വെനീസ് ഫിലിം ഫെസ്റ്റിവലിലും 2013 ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഒഫീഷ്യല്‍ എന്‍ട്രി നേടിയതോടെ ഒരേവര്‍ഷം മൂന്ന് പ്രധാന ഫെസ്റ്റിവലിലും തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ അഭിനേത്രിയുമായി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ്‌ലീയുടെ നായികയായി അഭിനയിച്ച പൂര്‍ണ്ണമായും ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ചിത്രീകരിച്ച 'അണ്‍ഇന്‍ഡ്യന്‍' എന്ന ചിത്രവും
ശ്രദ്ധേയമായിരുന്നു. നവാസുദ്ധീന്‍ സിദ്ദിഖി നായകനായ 'റോം റോം മേം (2019), 'അണ്‍പോസ്ഡ്' (2020) എന്നീ ചിത്രങ്ങളിലൂടെ സംവിധായികയുമായി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട് തനിഷ്ഠ.
പ്രിയാമണിയും യശ്പാല്‍ ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയനൈഡ് സിനിമ ഹിന്ദി, തെലുഗു, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറക്കുന്നത്. ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സയനൈഡ് നിര്‍മ്മിക്കുന്നത് മിഡില്‍ ഈസ്റ്റ് പ്രൈംഷോ എന്റര്‍ടൈന്‍മെന്റ് ജെവിയുടെ ബാനറില്‍ പ്രദീപ് നാരായണനും നിരഞ്ജന്‍ റെഡ്ഡിയും ചേര്‍ന്നാണ്.
പ്രണയം നടിച്ച് 22 യുവതികളെ ഹോട്ടല്‍മുറിയിലെത്തിച്ച് സയനൈഡ് നല്‍കി കൊന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന കൊടും കുറ്റവാളി സയനൈസ് മോഹന്‍ എന്ന മോഹന്‍കുമാറിന്റെ ജീവിത കഥ പശ്ചാത്തലമാക്കിയാണ് സയനൈഡ് സിനിമ ഒരുങ്ങുന്നത്. കേരളത്തിലും കര്‍ണ്ണാടകയിലുമായി ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തിരുമാനം.
Content Highlights : Thannishta Chattergee In Rajesh Touchrivers Cynade Movie
Content Highlights: