'ലോക'യേക്കാൾ മാസ് ആയിരിക്കും ഥാമ, പക്ഷേ രണ്ട് സിനിമകളും വ്യത്യസ്തമാണ്, താരതമ്യം ആവശ്യമില്ല -ആയുഷ്മാൻ ഖുറാന

ലോക എന്ന ചിത്രത്തിന്റെ പോസ്റ്റർ, ആയുഷ്മാൻ ഖുറാന | ഫോട്ടോ: Facebook, AFP
ലോക എന്ന ചിത്രത്തിന്റെ പോസ്റ്റർ, ആയുഷ്മാൻ ഖുറാന | ഫോട്ടോ: Facebook, AFP

കല്യാണി പ്രിയദർശൻ നായികയായ ലോകയും രശ്മിക മന്ദാന നായികയാവുന്ന ഥാമയും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ എന്ന ചർച്ച കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളും പറയുന്നത് വാമ്പയറുകളേക്കുറിച്ചാണ് എന്നതാണ് അതിനുകാരണം. ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഥാമയിലെ നായകനായ ആയുഷ്മാൻ ഖുറാന. രശ്മികയ്ക്കൊപ്പം ഗലാട്ട പ്ലസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഥാമയിൽ കോമഡിക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് ആയുഷ്മാൻ ഖുറാന പറഞ്ഞു. ലോക താൻ ആസ്വദിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് താൻ അലഹബാദിൽ ചിത്രീകരണത്തിലായിരുന്നു. അവിടെ ആ സിനിമ അപ്പോൾ റിലീസ് ചെയ്തിരുന്നില്ല. ഥാമ ലോകയേക്കാൾ മാസ് ആണ്. കാരണം ഥാമ ഹിന്ദി വിപണിയിലേക്കും ഇറങ്ങിച്ചെല്ലുന്നുണ്ട്. ചില മൾട്ടിപ്ലെക്സ് പ്രേക്ഷകർക്ക് ഈ വിഷയത്തിലേക്ക് കടന്നുവരാൻ ലോക ഒരു നല്ല തുടക്കമായേക്കാം. പക്ഷേ ഥാമയുടെ ഉത്ഭവം വ്യത്യസ്തമാണ്. സാഹചര്യങ്ങളും കഥയും വ്യത്യസ്തമാണ്. കാര്യമായ സാമ്യങ്ങളൊന്നുമില്ലെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.

താൻ ലോക കണ്ടെന്നും കല്ല്യാണിയുമായി നല്ല സൗഹൃദത്തിലാണെന്നും രശ്മിക പറഞ്ഞു. "ദുൽഖർ സൽമാനും ടൊവിനോ തോമസും കല്ല്യാണിയും അവരുടേതായ രീതിയിൽ അഭിനയിച്ചത് തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഞങ്ങളുടെ സിനിമയിൽ എന്താണ് ഒരുക്കിയിരിക്കുന്നതെന്നും ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും അറിയാവുന്നതുകൊണ്ട്, ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഈ രണ്ട് സിനിമകളെയും ഒരുമിച്ച് കാണാനാവില്ല. എവിടെ നിന്നാണ് ഈ താരതമ്യം വരുന്നതെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ നാളെ നിങ്ങൾ ഥാമ കണ്ടിറങ്ങുമ്പോൾ അതൊരു പുതിയ സംഭാഷണ വിഷയമായിരിക്കും." രശ്മിക അഭിപ്രായപ്പെട്ടു.

മാഡ്ഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോദാർ ആണ് ഥാമ സംവിധാനം ചെയ്യുന്നത്. പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.

Content Highlights: Ayushmann Khurrana and Rashmika Mandanna address comparisons between their upcoming film `Thamma` and Malayalam hit `Lokah Chapter 1 – Chandra`. Learn about their film`s `massy` appeal and unique lore.