രണ്ട് ആക്ഷൻ ഉൾപ്പടെ ആറ് സീനുകൾ കൂട്ടിച്ചേർത്തു, 'ജനനായകൻ' ഇനി പുതിയ രൂപത്തിൽ

#മൂവി ഡെസ്ക്
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X

എച്ച്. വിനോദിന്റെ സംവിധാനത്തിൽ വിജയ് നായകനായ ജനനായകൻ എന്ന ചിത്രം ഇനി പ്രദർശിപ്പിക്കുക മാറ്റങ്ങളോടെ. അടുത്തയാഴ്ച മുതൽ ആറ് പുതിയ രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ മാസം 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് നിർമാതാക്കൾ പുതിയ രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത്. കോമഡി, ആക്ഷൻ, ഇമോഷണൽ സീനുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചെന്നൈയിൽ നടന്ന സക്സസ് മീറ്റ് ചടങ്ങിൽ സംവിധായകൻ വ്യക്തമാക്കി.

തീയേറ്ററുകളിൽ സിനിമയുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി വെട്ടിമാറ്റിയ രംഗങ്ങളാണ് ഇപ്പോൾ വീണ്ടും ഉൾപ്പെടുത്തുന്നത്. രണ്ട് കോമഡി രംഗങ്ങൾ, രണ്ട് ആക്ഷൻരംഗങ്ങൾ, രണ്ട് വൈകാരികമായ രംഗങ്ങൾ എന്നിവയാണ് അടുത്ത ആഴ്ച മുതൽ സിനിമയുടെ ഭാഗമാവുകയെന്ന് സംവിധായകൻ എച്ച്. വിനോദ് വിശദീകരിച്ചു. വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിലാണ് ജനനായകൻ തീയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പുതിയ രംഗങ്ങൾ കൂടി എത്തുന്നതോടെ 'ജനനായകൻ' തിയേറ്ററുകളിൽ കൂടുതൽ കാണികളെ ആകർഷിക്കുമെന്നും സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ വർദ്ധിക്കുമെന്നുമാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 23-നാണ് തിയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സെൻസർ ബോർഡ് സർട്ടിഫിക്കേഷനിൽ വന്ന താമസം മൂലം ചിത്രത്തിന്റെ റിലീസ് ഏഴുമാസം വൈകിയിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു ‘ജനനായകന്റെ’ പദ്ധതി. എന്നാൽ, സെൻസർ നടപടികളിലെ തർക്കം കാരണം റിലീസ് നീണ്ടു. പരിശോധനാ സമിതിയിലെ ഒരംഗം പരാതി നൽകിയതിനെ തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് കൈമാറി. കോടതിയെ സമീപിച്ചിട്ടും ആശ്വാസമൊന്നും ലഭിക്കാതെ ഒടുവിൽ 'എ' സർട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlights: The makers of Thalapathy Vijay's final film 'Jananayagan', directed by H. Vinoth, have announced the addition of six previously deleted scenes—including comedy, action, and emotional sequences—to boost theatrical traction from next week.