കാന്താരയിലെ 'വരാഹരൂപം' ഒ.ടി.ടിയിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് താത്‌കാലിക വിലക്ക്

കോഴിക്കോട്: കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം തിയേറ്ററിലോ ഒ.ടി.ടി. പ്ലാറ്റ് ഫോമിലോ പ്രദർശിപ്പിക്കുന്നത് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് താത്‌കാലികമായി തടഞ്ഞു. പ്രഥമദൃഷ്ട്യാ പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഈ ഉത്തരവ്. ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം ഗാനത്തിന്റെ പേരിലുള്ള വാണിജ്യതർക്കമാണ് കോടതിയിലെത്തിയത്. നവരസം ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീതസംവിധായകൻതന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപോലെ ഗാനത്തിലെ സാദൃശ്യം പ്രാഥമിക നിഗമനത്തിൽത്തന്നെ വ്യക്തമാണെന്നും കോടതി പറഞ്ഞു.
പകർപ്പവകാശനിയമം സെക്‌ഷൻ 64 പ്രകാരം പോലീസിനുതന്നെ രേഖകൾ പിടിച്ചെടുക്കാമെന്ന് കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം ശരിയായരീതിയിൽ പുരോഗമിക്കുന്നില്ലെന്ന മാതൃഭൂമിയുടെ പരാതിയിലാണ് കോടതി നിർദേശമുണ്ടായത്. സംഗീതസംവിധായകൻ പകർപ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷൻ പരിശോധിച്ച് അതിന്റെ അസൽ പകർപ്പും പ്ലേറ്റുകളും തർക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണോദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു.
ഒറിജനലായി ഈ ഗാനം ഉണ്ടാക്കിയവർക്ക് വലിയ തിരിച്ചടിയുണ്ടായിട്ടുണ്ടെന്ന് ഈ കേസിൽ ഹൈക്കോടതിയും നിരീക്ഷിച്ചതാണ്.
കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മേയ് നാലിനുമുമ്പേ കോടതിയെ അറിയിക്കണമെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എസ്. സൂരജ് നിർദേശിച്ചിരുന്നു.
Content Highlights: temporary ban on kantara song varaharoopam theatre play, varaharoopam song