‘പ്രശസ്തരും ധനികരും ഒരിക്കലും എവിടെയും ബുദ്ധിമുട്ടുകൾ നേരിടുന്നില്ല’; AR റഹ്മാൻ വിവാദത്തിൽ തസ്ലീമ

കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനയോട് പ്രതികരിച്ച് എഴുത്തുകാരിയും മനുഷ്യവകാശ പ്രവർത്തകയുമായ തസ്ലീമ നസ്രിൻ. ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള റഹ്മാന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിൽ വിശദീകരണവുമായി അദ്ദേഹം എത്തിയതിനുപിന്നാലെയാണ് തസ്ലീമയുടെ പ്രതികരണവും വന്നത്. പ്രശസ്തിയും വിജയവും സമ്പത്തും പലപ്പോഴും വ്യക്തികളെ വിവേചനങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് അവർ പറഞ്ഞു.
എ.ആർ. റഹ്മാന് ഇന്ത്യയിൽ അതിശയകരമായ പ്രശസ്തിയുണ്ടെന്ന് തസ്ലീമ നസ്രിൻ എക്സിൽ പോസ്റ്റ് ചെയ്തു. തനിക്കറിയാൻ കഴിഞ്ഞിടത്തോളം മറ്റ് എല്ലാ കലാകാരന്മാരെക്കാളും ഉയർന്ന പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. താൻ ഒരു മുസ്ലീം ആയതുകൊണ്ട് ബോളിവുഡിൽ അവസരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഷാരൂഖ് ഖാൻ ഇപ്പോഴും ബോളിവുഡിന്റെ 'ബാദ്ഷാ'യാണ്; സൽമാൻ ഖാൻ, ആമിർ ഖാൻ, ജാവേദ് അക്തർ, ഷബാന അസ്മി എന്നിവരെല്ലാം സൂപ്പർ താരങ്ങളാണ്. പ്രശസ്തരും ധനികരും ഒരിക്കലും എവിടെയും ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്നും തസ്ലീമ അഭിപ്രായപ്പെട്ടു.
"എന്നെപ്പോലുള്ള പാവപ്പെട്ടവർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. എന്റെ പേര് കാരണം ഞാൻ ഒരു മുസ്ലീമാണെന്ന് പലരും കരുതുന്നു. ആരും എനിക്ക് വീട് വാടകയ്ക്ക് നൽകാൻ തയ്യാറാകുന്നില്ല. നിരീശ്വരവാദിയാണെന്ന കാരണത്താൽപോലും ഹൈദരാബാദിൽവെച്ച് എനിക്ക് മർദ്ദനമേറ്റു. ഔറംഗബാദിൽ എനിക്ക് കാലുകുത്താൻ കഴിയില്ല. പശ്ചിമ ബംഗാളിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടു. എ.ആർ. റഹ്‌മാന്റെ ജീവിതത്തിന്റെയോ ബോളിവുഡിലെ മുസ്ലീം താരങ്ങളുടെയോ ജീവിതത്തിന്റെ ദൂരപരിധിയിൽ പോലും ഈ പ്രശ്നങ്ങൾ വരുന്നില്ല. ഞാൻ ഒരു ഇന്ത്യൻ പൗരനല്ല. ഞാൻ ഇവിടെ ജീവിക്കുന്നത് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ടാണ്." തസ്ലീമ നസ്രിൻ കൂട്ടിച്ചേർത്തു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലെ എ.ആർ. റഹ്മാന്റെ പരാമർശങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് അദ്ദേഹം നേരിട്ടത്. തുടർന്ന് ഒരു വീഡിയോയിലൂടെ വിശദീകരണവുമായി റഹ്മാൻ രംഗത്തെത്തി. "സംഗീതം എപ്പോഴും നമ്മുടെ സംസ്കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്. ഇന്ത്യ എൻ്റെ പ്രചോദനമാണ്, എൻ്റെ ഗുരുവും എൻ്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശ്യങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു." വിവാദത്തേക്കുറിച്ച് റഹ്മാൻ പറഞ്ഞതിങ്ങനെ.
Content Highlights: Taslima Nasreen Responds to AR Rahman's Bollywood Remarks: Fame, Discrimination, and Identity