പത്താമത്തെ സിനിമ ഉടൻ; ടറന്റീനോ സംവിധാനം നിര്‍ത്തുന്നുവെന്ന് റിപ്പോർട്ട്

വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമായിത്തീര്‍ന്ന സംവിധായകനാണ് ക്വിന്റിൻ ടറന്റീനോ. സിനിമാ സംവിധാനം ചെയ്ത് തുടങ്ങുന്ന സമയത്ത് അദ്ദേഹം ഒരു കാര്യം തുറന്നുപറഞ്ഞിരുന്നു. പത്ത് സിനിമകളേ താന്‍ ചെയ്യൂ എന്നായിരുന്നു അത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്താമത്തെയും അവസാനത്തെയും ചിത്രമൊരുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് അദ്ദേഹം.
ദ ഹോളിവുഡ് റിപ്പോര്‍ട്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദ മൂവീ ക്രിട്ടിക് എന്നാണ് സിനിമയുടെ പേരെന്നും ടറന്റീനോ തന്നെയാണ് തിരക്കഥയെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. നായികാ പ്രാധാന്യമുള്ള പീരിയോഡിക് ചിത്രമായിരിക്കും ഇത്. 1970-കളില്‍ ലോസ് ആഞ്ജലിസില്‍ നടന്ന സംഭവങ്ങളായിരിക്കും ചിത്രത്തിനാധാരമെന്നും ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നു.
2001-ല്‍ അന്തരിച്ച ലോകപ്രശസ്ത നിരൂപകയും നോവലിസ്റ്റുമായ പൗളീന്‍ കേലിന്റെ ജീവിതമായിരിക്കും സിനിമയ്ക്ക് ആധാരമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എഡിറ്റര്‍മാരുമായും സിനിമാ നിര്‍മാതാക്കളുമായും ഉള്ള പൗളിന്റെ പോരാട്ടങ്ങള്‍ അവരെ ഏറെ പ്രശസ്തയാക്കി. പാരാമൗണ്ടിന്റെ കണ്‍സള്‍ട്ടന്റായും അവര്‍ ജോലി നോക്കിയിരുന്നു. നടന്‍ വാറന്‍ ബീറ്റിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ ഈ ജോലി നോക്കിയത്. പൗളീനോട് ടറന്റീനോയ്ക്കുള്ള ബഹുമാനവും പ്രശസ്തമാണ്. ഇതാണ് ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം.
പത്ത് ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നതിനൊപ്പം അറുപതാം വയസില്‍ ഈ ജോലി അവസാനിപ്പിക്കുമെന്നും ടാരന്റീനോ 2012-ല്‍ പ്ലേബോയ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഒരു സംവിധായകന് വിരമിക്കാന്‍ ഇതിലും നല്ലൊരു പ്രായമില്ല. ഒരു ചലച്ചിത്രകാരന്റെ മോശം സിനിമകള്‍ അയാളുടെ കരിയറിന്റെ അവസാനമാണ് പുറത്തിറങ്ങാറ്. സ്വന്തം ചലച്ചിത്രജീവിതത്തില്‍ മോശം തമാശയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഒമ്പതുചിത്രങ്ങളാണ് ടറന്റീനോ സംവിധാനം ചെയ്തിട്ടുള്ളത്. റിസര്‍വോയര്‍ ഡോഗ്‌സ്, പള്‍പ് ഫിക്ഷന്‍, ജാക്കി ബ്രൗണ്‍, കില്‍ ബില്‍ (രണ്ട് ഭാഗങ്ങള്‍), ഡെത്ത് പ്രൂഫ്, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ്, ജാങ്കോ അണ്‍ചെയിന്‍ഡ്, ദ ഹേറ്റ്ഫുള്‍ എയ്റ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയാണ് അദ്ദേഹം ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങള്‍.
Content Highlights: Tarantino’s Final Film, The Movie Critic, Tarantino’s New Film