സോനാക്ഷി സിൻഹയും ജ്യോതികയും നേർക്കുനേർ, ത്രില്ലിങ് കോർട്ട്റൂം ചിത്രം ‘സിസ്റ്റം’ ട്രെയ്ലർ പുറത്ത്

'ബറേലി കി ബർഫി', 'നിൽ ബത്തേയ് സന്നാത' എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം 'സിസ്റ്റ'ത്തിന്റെ ട്രെയ്‌ലർ പുറത്ത്. അശ്വിനി സംവിധാനം ചെയ്ത 'നിൽ ബത്തേയ് സന്നാത' മലയാളത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ 'ഉദാഹരണം സുജാത' എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു.
മേയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ 'സിസ്റ്റം' സ്ട്രീമിങ് ആരംഭിക്കും. ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുൺ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സോനാക്ഷി സിൻഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് 'സിസ്റ്റം' ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
'ഒരു സിനിമ സംവിധായികയായെന്ന നിലയിൽ ഞാൻ പറയുന്ന ഓരോ കഥയും ധൈര്യത്തോടെ തിരഞ്ഞെടുക്കുന്നവയാണ്. സൃഷ്ടിപരമായി എന്നെ പ്രചോദിപ്പിക്കുന്നതും അതിരുകൾ ഭേദിക്കുന്നതുമായ കഥകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. 'സിസ്റ്റം' എന്നെ കൂടുതൽ യാഥാർഥ്യബോധത്തോടെ സിനിമ നിർമിക്കാൻ പ്രചോദിപ്പിച്ച ചിത്രമാണ്', സംവിധായികയും സഹരചയിതാവുമായ അശ്വിനി അയ്യർ തിവാരി പറഞ്ഞു. പ്രൈം വീഡിയോയും ബവേജ സ്റ്റുഡിയോസും തന്റെ ദർശനത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും, സോനാക്ഷി സിൻഹയും ജ്യോതികയും പോലുള്ള ശക്തമായ അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമായതിനാൽ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയാവുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
'ഒരു അഭിനേതാവെന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്ന കഥകളിലേക്കാണ് എനിക്ക് എന്നും ആകർഷണം. 'ദഹാദ്' മുതൽ ഇപ്പോൾ 'സിസ്റ്റം' വരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പ്രൈം വീഡിയോ അവസരം നൽകി. ഇത് ഒരു ലീഗൽ ഡ്രാമ മാത്രമല്ല, നീതി പോലും സാമൂഹിക ഘടനകളെപ്പോലെ വിഭജിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്', സോനാക്ഷി സിൻഹ അഭിപ്രായപ്പെട്ടു.
'സരിക പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആവേശകരവും വെല്ലുവിളിയുമായിരുന്നു. പ്രത്യേകാവകാശവും അസമത്വവും ഒരുമിച്ച് നിലനിൽക്കുന്ന ആധുനിക ഇന്ത്യയുടെ വൈരുധ്യങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്', എന്ന് ജ്യോതിക വ്യക്തമാക്കി. കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ച അശ്വിനി അയ്യർ തിവാരിയുടെ കാഴ്ചപ്പാടിനെയും അവർ പ്രശംസിച്ചു.
Content Highlights: Courtroom drama directed by Ashwini Iyer Tiwari. Starring Sonakshi Sinha and Jyotika in lead roles. Global streaming premiere on Amazon Prime Video starting May 22. Explores societal realities, power dynamics, and legal system flaws. Produced by Baweja Studios