ആരാധകരെ ആവേശത്തിലാക്കാൻ ധോനിയുടെ കഥ വീണ്ടും എത്തുന്നു;'എം.എസ് ധോനി:ദി അൺടോൾഡ് സ്റ്റോറി' റീ റിലീസിന്

ആരാധകരുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് 'എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി'. അന്തരിച്ച ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തായിരുന്നു ചിത്രത്തിലെ നായകൻ. ആരാധകരുടെ മനസിൽ ഇടം നേടിയ ചിത്രം വൻ വിജയമായി മാറിയിരുന്നു.
ഇപ്പോഴിതാ ധോനിയുടെയും സുശാന്തിന്റേയും ആരാധകർക്കുള്ള ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി റീ റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. മെയ് 12-നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രം റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റീ റിലീസ് വരുന്നത്. സുശാന്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. 2020 ജൂൺ 14-നാണ് സുശാന്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നീരജ് പാണ്ഡെയാണ് എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി സംവിധാനം ചെയ്തത്. അരുണ്‍ പാണ്ഡെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേർ, ഭൂമിക ചൗള, കിയാര അദ്വാനി, ദിഷ പഠാണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Sushant Singh Rajput MS Dhoni: The Untold Story to re-release says report