40-കാരനെ വീഴ്ത്താൻ ശ്രമിക്കുന്ന 20-കാരി; സൂര്യയുടെ നായികയായി മമിത ബൈജു, ടീസർ പുറത്ത്

#Movies Desk
മമിത ബൈജുവും സൂര്യയും 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറില്‍ | Photo: Screen grab/ YouTube: Sithara Entertainments
മമിത ബൈജുവും സൂര്യയും 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറില്‍ | Photo: Screen grab/ YouTube: Sithara Entertainments

ദുൽഖർ സൽമാന്റെ ശ്രദ്ധേയമായ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കർ' സംവിധായകൻ വെങ്കി അട്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മലയാളി താരം മമിത ബൈജുവാണ് നായിക. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ 1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

നാൽപ്പതുകളിലുള്ള പ്രൊഫഷണൽ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ഓരോ തവണ പ്രണയം തുറന്നുപറയുമ്പോഴും പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി മമിതയുടെ കഥാപാത്രത്തിന്റെ പ്രണയാഭ്യർഥന നിരസിക്കുന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുപതുകാരിയുടെ വേഷമാണ് മമിതയുടേതെന്നും ടീസറിൽനിന്ന് വ്യക്തമാവുന്നു.

രാധിക ശരത്കുമാറും രവീണ ടണ്ഠണും പ്രധാനവേഷങ്ങൾ അവതരിപ്പിക്കും. സിത്താര എന്റർടെയ്ൻമെന്റ്‌സിന്റേയും ഫോർച്യൂൺ ഫോർ സിനിമാസിന്റേയും ശ്രീകര സ്റ്റുഡിയോസിന്റേയും ബാനറിൽ നാഗവംശിയും സായ് സൗജന്യയും ചിത്രം നിർമിക്കുന്നു. ജൂലായിൽ ചിത്രം പുറത്തിറങ്ങും.

ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം. മലയാളികളായ നിമിഷ് രവിയും ബംഗ്ലാനും ചിത്രത്തിന്റെ അണിയറയിലുണ്ട്. 'ലക്കി ഭാസ്‌കറി'ന് ശേഷം നിമിഷ് തെലുങ്കിലേക്ക് ഛായാഗ്രഹനായി തിരിച്ചെത്തുകയാണ്. 'കാന്താര എ ലെജൻഡ്: ചാപ്റ്റർ വണ്ണി'ന് ഉൾപ്പെടെ ഭീമൻ സെറ്റുകൾ ഒരുക്കിയ ബംഗ്ലാൻ ആണ് 'വിശ്വനാഥ് ആൻഡ് സൺസി'ന്റെ പ്രൊഡക്ഷൻ ഡിസൈനർ. നിമിഷും ബംഗ്ലാനും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ 'ലോക ചാപ്റ്റർ വൺ: ചന്ദ്ര'യിൽ ഒന്നിച്ചിരുന്നു. നവീൻ നൂലിയാണ് ചിത്രസംയോജനം.

'ഡ്യൂഡ്' ആണ് മമിതയുടെ ഒടുവിലിറങ്ങിയ ചിത്രം. 'പ്രേമലു'വിന് ശേഷം അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച മമിത, വിജയ്‌ക്കൊപ്പം വേഷമിട്ട 'ജന നായകൻ' റിലീസ് സെൻസർ പ്രശ്‌നത്തെത്തുടർന്ന് വൈകുകയാണ്. നിവിൻ പോളി നായകനാകുന്ന 'ബത്‌ലഹേം കുടുംബയൂണിറ്റ്' ആണ് മമിത പ്രധാനവേഷത്തിലെത്തുന്ന നിർമാണത്തിലിരിക്കുന്ന മലയാള ചിത്രം.

Content Highlights: Official teaser release of the film Vishwanath and Sons. Suriya stars as a professional shooter in his 40s. Mamitha Baiju plays the female lead opposite Suriya. Directed by Venky Atluri of Lucky Bhaskar fame. Technical crew includes Nimish Ravi and Banglan