സൂര്യ 47-ന് ടൈറ്റിലായി; ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' ടീസർ പുറത്ത്, ദീപാവലി റിലീസ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. 'സീൻ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലിനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് മലയാളി താരം നസ്രിയ നസിം ആണ്.
സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം ഏറെ സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. സൂര്യ ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ചിത്രം കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
വമ്പൻ ബജറ്റിൽ വൻ കാൻവാസിലാണ് മാസ്- എന്റർടെയ്‌നറായി 'സീൻ' ഒരുങ്ങുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സഹനിർമാതാവ്: ജയശ്രീ ദാമോദരൻ, ഛായാഗ്രഹണം: വിനീത് അഗസ്റ്റിൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റിങ്: അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ, സംഘട്ടനം: ചേതൻ ഡിസൂസ, പി.ആർ.ഒ: ശബരി.
Content Highlights: official title and teaser for Suriya's 47th film, directed by Jithu Madhavan, have been revealed as 'Scene'. Produced by Jyotika under 2D Entertainment, the film is scheduled for a worldwide Diwali release on November 6. The star cast features Nazriya Nazim as the female lead alongside Naslen, John Vijay, Anand Raj, and Lal in key roles. Hitmaker Sushin Shyam is making his debut as a music director in Tamil cinema with this mass entertainer. The post-production work is currently underway for this high-budget action-comedy project.