വഴിപോക്കന്റെ ബൈക്ക്, കടം വാങ്ങിയ ഫിലിം റോൾ; 38 കൊല്ലം മുൻപത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സുരേഷ് കൃഷ്ണ

38 വർഷങ്ങൾക്ക് മുൻപെടുത്ത ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവെച്ച് നടൻ സുരേഷ് കൃഷ്ണ. സിനിമാ മോഹവുമായി നടന്ന ചെറുപ്പക്കാരൻ സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളാണിതെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സന്തോഷവും സങ്കടവും കൂടിക്കലർന്ന ചില ഓർമപ്പെടുത്തലുകൾ മനസ്സിലൂടെ കടന്നുപോകുന്നുവെന്നും രസകരമായ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
"ഈ ഫോട്ടോകൾക്ക് 38 വർഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരൻ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പൊ കാണുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസ്സിൽ കൂടി കടന്നു പോകുന്നു, അതിൽ സന്തോഷവും സങ്കടവും ഓക്കെ കൂടി കലർന്നത്...
Credits
ഫോട്ടോ എടുത്തത് : പ്രിയപ്പെട്ട സുഹൃത്തുക്കൾ
Costume : പല സുഹൃത്തുക്കളുടെ
ബൈക്ക് : ഒരു വഴിപോക്കന്റെ
Makeup & Stylish : അതൊക്കെ അന്ന് വലിയ ചിലവാ
ഫിലിം റോൾ & ഫോട്ടോ : കടം," ചിത്രങ്ങൾക്കൊപ്പം സുരേഷ് കൃഷ്ണ കുറിച്ചതിങ്ങനെ.
വില്ലൻ വേഷങ്ങളിലൂടെ കരിയർ തുടങ്ങിയ സുരേഷ് കൃഷ്ണ ഇപ്പോൾ അഭിനയജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവിലാണ്. കൊമേഡിയനായും സഹനടനായും തിളങ്ങുകയാണ് അദ്ദേഹമിപ്പോൾ. നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീം ഒന്നിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റാണ് സുരേഷ് കൃഷ്ണ വേഷമിട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു എന്ന കഥാപാത്രം തിയേറ്ററുകളിൽ വലിയ കയ്യടി നേടിയിരുന്നു.
Also Read: അന്ന് മമ്മൂട്ടി പറഞ്ഞു, 'ചുമ്മാ നിന്ന് സ്ഥിരം അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്കെന്ന്'-സുരേഷ് കൃഷ്ണ
വിനീത് ശ്രീനിവാസൻ നായകനാകുന്ന ചടങ്ങ് എന്ന ചിത്രമാണ് സുരേഷ് കൃഷ്ണ അഭിനയിക്കുന്ന പുതിയ ചിത്രം. അഭിജിത്ത് സര്യയാണ് സംവിധാനം. അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Content Highlights: Actor Suresh Krishna shared nostalgic throwback images on Instagram from a photoshoot taken 38 years ago during his early struggling days in the film industry, fondly recalling how friends helped him with costumes and gear.