തെന്നിന്ത്യൻ ചിത്രങ്ങളിലേക്ക് ബോളിവുഡ് നടന്മാരെ വിളിക്കുന്നത് വില്ലൻ കഥാപാത്രങ്ങൾക്ക് വേണ്ടി- സുനിൽ ഷെട്ടി

സുനിൽ ഷെട്ടി | ചിത്രം: പിടിഐ
സുനിൽ ഷെട്ടി | ചിത്രം: പിടിഐ

തെന്നിന്ത്യൻ ചിത്രങ്ങളിൽ ബോളിവുഡ് നടന്മാരെ നെഗറ്റീവ് കഥാപാത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവസരങ്ങൾ വരുന്നുണ്ടെന്നും എന്നാൽ അവയിലേറെയും പ്രതിനായക വേഷങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.

ദി ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഷെട്ടി ഇക്കാര്യം പറഞ്ഞത്. തനിക്ക് തെന്നിന്ത്യയിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്. പക്ഷേ നിർഭാഗ്യകരമെന്നോണം, നെഗറ്റീവ് റോളുകൾ ചെയ്യാനുള്ള അവസരങ്ങളാണവയെന്നും അതൊരു ട്രെൻഡ‍ാണെന്നും സുനിൽ ഷെട്ടി പറയുന്നു.

അവർ ഹിന്ദി നടന്മാരെ പ്രതിനായകവേഷങ്ങൾ നൽകി ശക്തരായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. സ്ക്രീനിനും ഓഡിയൻസിനും അതാണ് നല്ലതെന്നാണ് അവർ പറയുന്നത്. അതാണ് എനിക്കിഷ്ടമില്ലാത്തത്- സുനി‍ൽ ഷെട്ടി പറയുന്നു.

നടൻ രജനീകാന്തിനൊപ്പം ദർബാർ എന്ന ചിത്രത്തിൽ അഭിനയിച്ചതിനേക്കുറിച്ചും സുനിൽ ഷെട്ടി പറയുന്നുണ്ട്. ആ നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിച്ചത് തീർത്തും വ്യക്തിപരമാണ്. രജനിസാറിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹംകൊണ്ടുമാത്രമാണ്- എന്നാണ് സുനിൽ ഷെട്ടി പറഞ്ഞത്.

അടുത്തിടെ ഒരു തുളു ചിത്രത്തിന്റെ ഭാഗമായതിനേക്കുറിച്ചും സുനിൽ ഷെട്ടി പറയുന്നുണ്ട്. ഈയടുത്ത് താൻ ചെറിയൊരു തുളു ചിത്രത്തിന്റെ ഭാഗമായി. ആ സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിമാത്രമാണ്. അത് ബോക്സോഫീസിൽ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇന്ന് ഭാഷാപരമായ അതിർവരമ്പുകളില്ല. അത്തരം അതിരുകളുണ്ടെങ്കിൽ അത് കണ്ടന്റ് മൂലം മാത്രമാണ്. നല്ല കണ്ടന്റാണെങ്കിൽ അത് അതിരുകൾ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസരി വീർ, നദാനിയാൻ എന്നിവയാണ് 2025-ൽ പുറത്തിറങ്ങിയ സുനിൽ ഷെട്ടി ചിത്രങ്ങൾ. ഹേരാ ഫേരി 3, വെൽകം ടു ദി ജംഗിൾ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Bollywood actor Sunil Shetty discusses the trend of casting Hindi actors in negative roles in South Indian cinema