വിവാദങ്ങൾക്ക് താത്പര്യമില്ല; 'ദി കേരള സ്റ്റോറി'യെ കെെയ്യൊഴിഞ്ഞ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ

ടീസറിൽ നിന്നും, ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
ടീസറിൽ നിന്നും, ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements

വിവാദ ചിത്രം 'ദി കേരള സ്റ്റോറി' വാങ്ങാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ 'ദി കേരള സ്റ്റോറി' ബോക്സോഫീസിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന് നേരത്തെ ഒ.ടി.ടി കരാർ ലഭിച്ചുവെന്ന റിപ്പോർ‍ട്ടുകൾ സംവിധായകൻ തള്ളിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു. പ്രധാന ഒ.ടി.ടി പ്ലാറ്റഫോമിൽ നിന്നുള്ള ഓഫറിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. സിനിമ ലോകം ഒത്തുചേര്‍ന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്തോ സെൻ കൂട്ടിച്ചേർത്തു.

'ദി കേരള സ്റ്റോറി'യുടെ ബോക്സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറയുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകൾ പറയുന്നതെന്നും സുദീപ്തോ സെൻ അറിയിച്ചു.'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണങ്ങൾ ഒ.ടി.ടി പ്ലാറ്റഫോമുകളെ പിന്തിരിപ്പിക്കുന്നുവെന്നാണ് വിവരങ്ങൾ.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശര്‍മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 
 

Content Highlights: sudipto sen adha sharma the Kerala Story finds no ott buyers