34 വർഷം ഒരുദിവസം പോലും അടച്ചിട്ടില്ല; ചിത്രാഞ്ജലിയെ പേരിനൊപ്പം ചേർത്ത സുധീർ

#Movies Desk
ചിത്രാഞ്ജലി സ്റ്റുഡിയോ (ഫയല്‍ ചിത്രം), സുധീര്‍ ചിത്രാഞ്ജലി | Photo: Mathrubhumi
ചിത്രാഞ്ജലി സ്റ്റുഡിയോ (ഫയല്‍ ചിത്രം), സുധീര്‍ ചിത്രാഞ്ജലി | Photo: Mathrubhumi

തിരുവനന്തപുരം: മരണംവരെ ചിത്രാഞ്ജലിയെ പേരിനൊപ്പം ചേർത്ത സുധീർ നാലുപതിറ്റാണ്ടോളം മലയാളസിനിമയുടെ നവവസന്തകാലത്തിനൊപ്പം സഞ്ചരിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അമരക്കാരനായിരുന്ന അദ്ദേഹം മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങൾക്ക് ഫിലിം പ്രോസസ് ചെയ്തു. അദ്ദേഹം പ്രവർത്തിച്ച 34 വർഷക്കാലം ഒരുദിവസംപോലും ചിത്രാഞ്ജലിയിലെ ലാബ് അടയ്‌ക്കേണ്ടി വന്നില്ല. ചിത്രാഞ്ജലിക്കുന്നിലെ പച്ചപ്പിനൊപ്പം സിനിമയും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചു.

കന്യാകുമാരി ജില്ലയിലെ കുഴിത്തുറ പാകോട് സ്വദേശിയാണ് പി.സുധീർ. ചെന്നൈ എ.വി.എം.ലാബിലും ഫിലിം സെന്ററിലുമായിരുന്നു തുടക്കം. പിന്നീട് തിരുവനന്തപുരത്തേക്കു മടങ്ങി. സിനിമയുടെ ചിത്രീകരണത്തിനനുസൃതമായി നടക്കുന്ന ഫിലിം പ്രോസസിങ് സങ്കീർണമായ ജോലിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്ക് മാറിയപ്പോൾ ഗ്രേഡിങ്ങിന് പ്രാധാന്യം വന്നു. കലാബോധംകൂടിയുണ്ടായാൽ കളർ ഗ്രേഡിങ്ങിന് സമഗ്രതയുണ്ടാകുമെന്ന് അദ്ദേഹം കണ്ടെത്തി. അതാണ് അദ്ദേഹത്തിന്റെ അംഗീകാരമികവിന് കാരണമായത്. അടൂരിന്റെയും അരവിന്ദന്റെയും ടി.വി.ചന്ദ്രന്റെയും ഡോക്യുമെന്ററികൾ സുധീറിന്റെ കൈകളിൽ ഭദ്രമായിരുന്നു.

ചിത്രാഞ്ജലിയിൽ ഭദ്ര എന്ന ഒരു മ്യൂസിയവും അദ്ദേഹം ഒരുക്കി. 8 എം.എം.പ്രിന്റ് മുതൽ 35 എം.എം.വരെയുള്ള ഫിലിം സ്ട്രിപ്പുകൾ, പ്രമുഖരുടെ ഛായാചിത്രങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് ഉപയോഗയോഗ്യമല്ലാതാകുന്ന ഉപകരണങ്ങൾ, വിവിധ ഫിലിം ഫോർമാറ്റുകൾ തുടങ്ങി മലയാളസിനിമയുടെ വളർച്ചയുടെ നേർചിത്രം മ്യൂസിയത്തിലുണ്ട്. ചിത്രാഞ്ജലിയുടെ തുടക്കംമുതൽ ഇവിടെ പൂർത്തിയാക്കിയ സിനിമകളുടെ പ്രിന്റുകൾ മുതൽക്കൂട്ടാണ്. ഇക്കാലയളവിൽ പ്രശസ്ത ബംഗാളി സംവിധായകൻ സത്യജിത് റായ്‌ ചിത്രാഞ്ജലി സന്ദർശിച്ചിട്ടുണ്ട്.

ടി.വി.ചന്ദ്രന്റെ എല്ലാ സിനിമകൾക്കും അദ്ദേഹം ഒപ്പം പ്രവർത്തിച്ചിരുന്നു. ചിത്രാഞ്ജലിയുടെ നവീകരണം എന്ന സ്വപ്‌നം മനസ്സിൽ ബാക്കിവെച്ചാണ് സുധീർ മടങ്ങുന്നത്.

സംസ്കാരം വെള്ളിയാഴ്ച

ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫിലിം ഓഫീസർ ആയിരുന്നു അന്തരിച്ച കരുമം കെ.ആർ.എ-എ 2 കൃഷ്ണഭവനിൽ പി. സുധീർ (70). അർബുദരോഗ ചികിത്സയിലായിരുന്നു. 1980-ൽ ചിത്രാഞ്ജലിയുടെ തുടക്കംമുതൽ 34 വർഷം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം സുധീർ ചിത്രാഞ്ജലിെയന്ന പേരിലാണ് അറിയപ്പെടുന്നത്.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫിലിം പ്രോസസിങ്‌ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെരിലാൻഡ്‌ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ ചിത്രലേഖ സ്റ്റുഡിയോയുടെ ചീഫായി പ്രവർത്തിച്ചു. ചിത്രാഞ്ജലിയിൽ ലാബ് ടെക്‌നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ആരംഭിച്ച് ഡിജിറ്റൽ ടെക്‌നോളജിയുടെ വരവോടെ ഫിലിം ലാബ് പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ചിത്രാഞ്ജലിയിൽ അദ്ദേഹം പ്രവർത്തിച്ചു. ഈ കാലയളവിൽ 400-ലധികം ചിത്രങ്ങളുടെ പ്രോസസിങ്ങിൽ പങ്കാളിയായി. 2014-ൽ ഫിലിം ഓഫീസറുടെ ചുമതലയുള്ളപ്പോൾ ചീഫ് ലാബ് ടെക്‌നീഷ്യനായി വിരമിച്ചു.

ശിവൻ സംവിധാനവും സന്തോഷ് ശിവൻ ഛായാഗ്രഹണവും നിർവഹിച്ച മോഹിനിയാട്ടം എന്ന ഡോക്യുമെന്ററിയിലൂടെ രാഷ്ട്രപതിയുടെ ദേശീയ അവാർഡും ഡാനി, ഒരിടം, സൂഫി പറഞ്ഞ കഥ, ബയോസ്‌കോപ്പ് എന്നീ ചിത്രങ്ങളിലൂടെ മികച്ച ലാബിനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തിലൂടെ ചിത്രാഞ്ജലിക്കു ലഭിച്ചിട്ടുണ്ട്. ടി.വി. ചന്ദ്രന്റെ 'മങ്കമ്മ' എന്ന സിനിമയുടെ സഹസംവിധായകനായിരുന്നു.

ഭാര്യ: സജിത. മകൾ: ശ്രുതി സുധീർ. മരുമകൻ: രജി പ്രസാദ് (ഛായാഗ്രാഹകൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30-ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 10-ന് രാവിലെ എട്ടിന്.

Content Highlights: P. Sudheer served Chitranjali Studio for 34 years without a single day of closure. Worked on over 400 films, collaborating with legendary directors like Adoor Gopalakrishnan and T.V. Chandran. Established 'Bhadra', a museum showcasing the evolution of Malayalam cinema inside Chitranjali. Recipient of multiple state awards for best lab and contributed to national award-winning documentaries.