'പല സ്വതന്ത്രസംവിധായകരും നാമാവശേഷമായെന്നുവരും'; ചലച്ചിത്ര പുരസ്‌കാരങ്ങളെ വിമര്‍ശിച്ച് സംവിധായിക

ശ്രുതി ശരണ്യം | Photo: Facebook/ Shruthi Sharanyam
ശ്രുതി ശരണ്യം | Photo: Facebook/ Shruthi Sharanyam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്വതന്ത്രസിനിമകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതില്‍ വിമര്‍ശനവുമായി സംവിധായിക ശ്രുതി ശരണ്യം. സ്വതന്ത്രചിത്രങ്ങള്‍ക്ക് പുരസ്‌കാരങ്ങളില്‍ കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടതായിരുന്നുവെന്ന് സംവിധായിക അഭിപ്രായപ്പെട്ടു. ജനപ്രിയ ചിത്രങ്ങളോടൊപ്പമോ അതിലേറെ പ്രാധാന്യത്തോടെയോ സ്വതന്ത്രസിനിമകളേയും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, 'പാരഡൈസ്', 'ഫെമിനിച്ചി ഫാത്തിമ' എന്നീ ചിത്രങ്ങള്‍ക്കും 'പ്രഭയായ് നിനച്ചതെല്ലാം (ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്) സംവിധായിക പായല്‍ കപാഡിയയ്ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ അവര്‍ സന്തോഷമറിയിച്ചു. 'ബി32 മുതല്‍ 44 വരെ' എന്ന ചിത്രത്തിന്റെ സംവിധായികയാണ് ശ്രുതി ശരണ്യം.

'സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളും ഫെസ്റ്റിവല്‍ എന്‍ട്രികളുമാണ്. ജനപ്രിയചിത്രങ്ങള്‍ക്ക് സ്വകാര്യ പുരസ്‌കാരവേദികളും മനുഷ്യരിലേക്കു കടന്നു ചെല്ലാനുള്ള ഒടിടി തിയേറ്റര്‍ സ്‌പേസുകളും വേണ്ടുവോളം ഉണ്ടെന്നിരിയ്‌ക്കെ, ദേശീയപുരസ്‌കാരങ്ങളില്‍ നിലവില്‍ വിശ്വാസം ഇല്ലെന്നിരിയ്‌ക്കെ, സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു. ജനപ്രിയചിത്രങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയല്ല എന്നല്ല. അതോടൊപ്പം, ഒരുപക്ഷേ അതിലേറെ പ്രാധാന്യത്തോടെ, സ്വതന്ത്രസിനിമകളെയും അക്കാദമി ഉള്‍ക്കൊള്ളേണ്ടതില്ലേ?', അവര്‍ ചോദിച്ചു.

'ഈ ഇന്ധനം നിലച്ചാല്‍ ഇല്ലാത്ത പൈസ കൈയില്‍നിന്നെടുത്തും കടം വാങ്ങിയും നിര്‍മാതാക്കളില്‍നിന്ന് അപമാനങ്ങള്‍ സഹിച്ചും സിനിമകളുണ്ടാക്കി, അത്തരം സിനിമകളെ അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ വരെ കഷ്ടപ്പെട്ട് എത്തിച്ച മലയാളത്തിലെ പല സ്വതന്ത്രസംവിധായകരും നാളെ നാമാവശേഷരായെന്നു വരും. 'പാരഡൈസി'നും, പായല്‍ കപാഡിയക്കും, 'ഫെമിനിച്ചി ഫാത്തിമ'യ്ക്കും ലഭിച്ച അംഗീകാരങ്ങളില്‍ സന്തോഷിക്കുന്നു. ഒപ്പം, അംഗീകരിക്കപ്പെടാതെ പോയ മറ്റു നല്ല ചിത്രങ്ങളെയും അവയുടെ സംവിധായകരെയും ഓര്‍ക്കുന്നു', അവര്‍ കുറിച്ചു.

ശ്രുതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റുമായി സംഗീതസംവിധായകന്‍ സുദീപ് പാലനാടുമെത്തി. 'അംഗീകാരം ജനമനസ്സുകളില്‍ അല്ലേ വേണ്ടൂ. നല്ല കലാ പ്രവൃത്തി ചെയ്യുക. പിന്നെയും ചെയ്യുക. ചെയ്തുകൊണ്ടേ ഇരിക്കുക. അത്രയല്ലേ വേണ്ടൂ', എന്നായിരുന്നു സുദീപിന്റെ കമന്റ്.

2024 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ളത് അടക്കം പത്തുപുരസ്‌കാരങ്ങള്‍ ചിദംബരം സംവിധാനംചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' നേടി. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ഫെമിനിച്ചി ഫാത്തിമ'യിലെ ഷംല ഹംസയാണ് മികച്ച നടി.

Content Highlights: Filmmaker Sruthi Saranyam voices concern over lack of recognition for independent films at Kerala State Film Awards, advocating for more prominence