ഒരു നേതാവും മന്ത്രിയും രാജാവല്ലെന്ന് ശ്രീകുമാരൻ തമ്പി; എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും ഒളിയമ്പ്

#Movies Desk
ശ്രീകുമാരന്‍ തമ്പി | Photo: Facebook/ V D Satheesan
ശ്രീകുമാരന്‍ തമ്പി | Photo: Facebook/ V D Satheesan

കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ രാജാവാണെന്ന് സ്വയം കരുതിയാൽ അവിടെ ജനാധിപത്യം പരാജയപ്പെടുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. താൻ കേരളത്തിന്റെ രാജാവാണെന്നും ബാക്കി എല്ലാവരും പ്രജകളാണെന്നും വിചാരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയായാൽ വളരേയേറെ ദുഃഖിക്കേണ്ടിവരുമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പൗരാവലി നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേയും അദ്ദേഹം ഒളിയമ്പെയ്തു.

'രാഷ്ട്രീയത്തിൽ നന്മ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. ജനങ്ങൾ വോട്ടുചെയ്താണ് ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നത്. നേതാവ് ഭരണാധികാരിയായിക്കഴിഞ്ഞാൽ അദ്ദേഹം രാജാവും തനിക്ക് വോട്ടുചെയ്യുന്നവർ പ്രജകളുമാണെന്ന് വിചാരിച്ചാൽ അവിടെ ജനാധിപത്യം പരാജയപ്പെടും. വി.ഡി. സതീശൻ അങ്ങനെ ഒരാളല്ല എന്നതുകൊണ്ടുമാത്രമാണ് ഞാൻ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്', ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.

'ഞാൻ കേരളത്തിന്റെ രാജാവാണ് ബാക്കി എല്ലാവരും പ്രജകൾ എന്ന് വിചാരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയായാൽ വളരേയേറെ ദുഃഖിക്കേണ്ടിവരും. ഒരു നേതാവും മന്ത്രിയും രാജാവല്ല', അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻഎസ്എസിനെ നയിക്കുന്നയാൾ സമുദായത്തിന്റെ ഭൃത്യനായിട്ടല്ല, രാജാവായാണ് പെരുമാറുന്നതെന്നായിരുന്നു ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ ഒളിയമ്പ്. 'വർഗീയതയുടെ ചിഹ്നമായല്ല നായർ സർവീസ് സൊസൈറ്റി തുടങ്ങിയത്. നായർ ഭൃത്യജനസംഘം എന്നായിരുന്നു മന്നത്ത് പത്മനാഭൻ സംഘടനയ്ക്ക് പേരിട്ടത്. അതാണ് പിന്നീട് നായർ സർവീസ് സൊസൈറ്റി ആയി മാറിയത്. നായർ ഭൃത്യജനസംഘം ആയി തുടങ്ങിയ സംഘടന ഇപ്പോൾ എന്ത് അവസ്ഥയിലാണ്? അതിന്റെ കസേരയിൽ ഇരിക്കുന്ന ഉന്നതൻ നായർ സമുദായത്തിന്റെ ഭൃത്യനായാണോ പെരുമാറുന്നത്? അല്ല, രാജാവായിട്ടാണ്', ശ്രീകുമാരൻ തമ്പി പറഞ്ഞു.

Content Highlights: Sreekumaran Thampi emphasizes that elected officials are servants of the people, not kings. Critique of NSS General Secretary Sukumaran Nair's leadership style compared to Mannath Padmanabhan's vision. Distinction between democratic leadership and authoritarian behavior in modern Kerala politics. Support for VD Satheesan's leadership approach during a public reception