വീണ്ടുമൊരു ഷാരൂഖ് ഖാൻ ചിത്രത്തെ വീഴ്ത്താൻ ശ്രദ്ധ കപൂർ, ബോക്സോഫീസിൽ കൊടുങ്കാറ്റായി 'സ്ത്രീ 2'

Stree 2
Stree 2

ബോക്സോഫീസിൽ വൻ കുതിപ്പുമായി ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സ്ത്രീ 2'. ബോക്സോഫീസിൽ നിരവധി റെക്കോഡുകളാണ് ചിത്രം തകർത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഇതുവരെ 551.4 കോടി രൂപയാണ് ചിത്രം നേടിയത്.

ഷാരൂഖ് ഖാൻ നായകനായെത്തിയ അറ്റ്ലീ ചിത്രം ജവാൻ്റെ റെക്കോഡ് തകർക്കാൻ ഒരുങ്ങുകയാണ് 'സ്ത്രീ 2'. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ഹിന്ദി ചിത്രം എന്ന റെക്കോഡ് ജവാനാണ്. 555 കോടി രൂപയാണ് ചിത്രം 2023-ൽ ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയത്. ഈ റെക്കോഡ് തകർക്കുന്നതോടെ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ഹിന്ദി ചിത്രം എന്ന റെക്കോഡ് 'സ്ത്രീ 2' സ്വന്തമാക്കും. എല്ലാ ഭാഷകളിലും നിന്നായി 643 കോടി രൂപയാണ് ജവാൻ ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്. ഈ റെക്കോഡ് തകർക്കപ്പെടുമോയെന്ന് ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. 

കളക്ഷനിൽ ഷാരൂഖ് ഖാൻ്റെ തന്നെ 'പത്താൻ' ശ്രദ്ധ കപൂർ ചിത്രത്തിന് മുന്നിൽ വീണിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ആ​ഗോളതലത്തിൽ 760 കോടിയോളം രൂപ 'സ്ത്രീ 2' സ്വന്തമാക്കിയിട്ടുണ്ട്. ആ​ഗോളതലത്തിൽ 1000 കോടിരൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിൻ്റെ 'കൽക്കി'യാണ് ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.

അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ച കൂടിയാണ്. മഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍. രാജ്കുമാര്‍ റാവുവിനും ശ്രദ്ധ കപൂറിനും പുറമെ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ്  മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം. തമന്നയും അക്ഷയ് കുമാറും വരുണ്‍ ധവാനും അതിഥി വേഷങ്ങളില്‍ എത്തുന്നു.
 

Content Highlights: sradha kapoor movie stree 2 collection