ലൈംഗികാരോപണക്കേസിൽ 'സ്ക്വിഡ് ഗെയിം' താരം കുറ്റക്കാരൻ, ശിക്ഷയായി ജയിൽവാസവും ക്ലാസും

സ്ക്വിഡ് ​ഗെയിം താരം ഓ യൂങ് സൂ | ഫോട്ടോ: www.facebook.com/squidgamenetflix
സ്ക്വിഡ് ​ഗെയിം താരം ഓ യൂങ് സൂ | ഫോട്ടോ: www.facebook.com/squidgamenetflix

യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ ആരോപിതനായ കൊറിയൻ നടൻ ഓ യൂങ് സൂ കുറ്റക്കാരനെന്ന് പ്രാദേശിക കോടതി. 2017-ൽ നടന്ന സംഭവത്തിലാണ് നടൻ കുറ്റക്കാരനെന്ന് കോടതി പറഞ്ഞിരിക്കുന്നത്. എട്ടുമാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് നൽകിയിരിക്കുന്ന ശിക്ഷ.

നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ​ഗെയിമിൽ പ്ലേയർ-001 എന്ന വേഷം അവതരിപ്പിച്ച നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. എന്നാൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് 2022 ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്.

വിചാരണ വേളയിൽ, പരാതിക്കാരിയുടെ സാക്ഷ്യത്തിൻ്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോൻ-ജു ഊന്നിപ്പറഞ്ഞു. യുവതിയുടെ വിശദീകരണം യഥാർത്ഥവും യഥാർത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു.

കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ  സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിരുന്നു. 50 വർഷമായി അഭിനയരം​ഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്ക്വിഡ് ​ഗെയിം പരമ്പരയിലൂടെയാണ്. സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. വൻ സാമ്പത്തിക ബാധ്യതയുള്ള ഒരുകൂട്ടമാളുകൾ വൻതുക സമ്മാനമായി ലഭിക്കുന്ന അപകടകരമായ ​ഗെയിമിൽ പങ്കെടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം.  

Content Highlights: 'Squid Game' actor Oh Yeong-su found guilty of sexual misconduct