ജനനായകനും പരാശക്തിയും ഒന്നിച്ചെത്തണമെന്ന് ആഗ്രഹിച്ചു-ശിവകാർത്തികേയൻ

#Movie desk
ജന നായകൻ പോസ്റ്റർ, ശിവ കാർത്തികേയൻ| ഫോട്ടോ: Instagram/@sivakarthikeyan, jananayaganfilm
ജന നായകൻ പോസ്റ്റർ, ശിവ കാർത്തികേയൻ| ഫോട്ടോ: Instagram/@sivakarthikeyan, jananayaganfilm

വിജയ് ചിത്രം ജനനായകൻ സെൻസർഷിപ്പ് കുരുക്കിൽപ്പെട്ട് റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ശിവകാർത്തികേയൻ. സിനിമകൾ പ്രദർശനത്തിന് തയ്യാറെടുക്കുമ്പോൾ സെൻസർ സർട്ടിഫിക്കറ്റിനായി മുൻകൂട്ടി അപേക്ഷ നൽകേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ പരാശക്തിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

"ഇതൊന്നും ആരും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ 15 ദിവസമായി അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടക്കുന്നത്. രണ്ട് സിനിമകളും ഒരേസമയം തിയേറ്ററുകളിൽ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എനിക്ക് ആരോടും മത്സരമില്ല. സിനിമയിൽ എല്ലാവർക്കും ഇടമുണ്ട്. മത്സരിക്കാനാണെങ്കിൽ ഞാൻ ഒരു അത്‌ലറ്റോ ബോക്സറോ ആകുമായിരുന്നു’- ശിവകാർത്തികേയൻ വ്യക്തമാക്കി. താൻ അഭിനയിച്ച പരാശക്തിക്കും റിലീസിന് ഒരു ദിവസം മുൻപാണ് സെൻസർ ക്ലിയറൻസ് ലഭിച്ചത്. ഇത്തരം അവസാന നിമിഷത്തെ അനിശ്ചിതത്വങ്ങൾ ഒഴിവാക്കാൻ നിർമ്മാതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജന നായകൻ നിർമ്മാതാക്കൾക്കെതിരെ മദ്രാസ് ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപേ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് കോടതിയെ സമ്മർദ്ദത്തിലാക്കാനാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ പ്രദർശനം നടത്തുമെന്ന് ആറാഞ്ഞ കോടതി, കേസ് ജനുവരി 21-ലേക്ക് മാറ്റി. ഇതോടെ ജനുവരി 10-ന് നിശ്ചയിച്ചിരുന്ന ജന നായകൻ റിലീസ് പ്രതിസന്ധിയിലായി. ശിവകാർത്തികേയന്റെ 'പരാശക്തി' നാളെ (ശനിയാഴ്ച) തിയേറ്ററുകളിൽ എത്തും.

Content Highlights: Actor Sivakarthikeyan speaks on the censorship issues affecting Vijay`s film `Jana Nayakan` and the importance of early censor applications.