‘സീനിയർ ഗായകർക്ക് ഭാരതരത്ന ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു,കുസൃതിച്ചിരിയോടെ ജാനകിയമ്മ പറഞ്ഞു’

#മൂവി ഡെസ്ക്
ജി. വേണു​ഗോപാൽ, എസ്. ജാനകി | ഫോട്ടോ: വിവേക് ആർ. നായർ, ജി. ശിവപ്രസാദ് \ മാതൃഭൂമി
ജി. വേണു​ഗോപാൽ, എസ്. ജാനകി | ഫോട്ടോ: വിവേക് ആർ. നായർ, ജി. ശിവപ്രസാദ് \ മാതൃഭൂമി

സ്. ജാനകിയെ അനുസ്മരിച്ച് ഗായകൻ ജി. വേണുഗോപാൽ. ഒരു സുവർണ്ണ സംഗീത കാലഘട്ടത്തിന്റെ രത്നഘചിതമാം ശബ്ദച്ചിറകിലേറി അവർ നെയ്തെടുത്ത മനോഹര ഗാനങ്ങൾക്ക് മരണമില്ല എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. 33 സ്റ്റേറ്റ് അവാർഡുകൾ, 3 നാഷണൽ അവാർഡുകൾ, ഏതാണ്ട് 45000 ത്തോളം ഗാനങ്ങൾ, ജാനകിയമ്മയുടേതായിട്ടുണ്ട്. സംഗീത പ്രേമികൾക്കൊരിക്കലും മറക്കാനാകാത്ത, അവർ ഇന്നും എന്നും മൂളി നടക്കുന്ന ഗാനങ്ങൾ. തന്റെ കുട്ടിക്കാലത്തെ ഗാനസുരഭിലമാക്കിയ പാട്ടുകാരിൽ ബാബുരാജിന്റെ സംഗീതത്തിൽ ജാനകിയമ്മയുടെ ഗാനങ്ങളുടെ സ്വാധീനവലയം ശക്തമാണെന്നും ജി വേണുഗോപാൽ പറഞ്ഞു.

ജി. വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണരൂപം

ജാനകിയമ്മയും യാത്രയായിരിക്കുന്നു. ഒരു സുവർണ്ണ സംഗീത കാലഘട്ടത്തിൻ്റെ രത്നഘചിതമാം ശബ്ദച്ചിറകിലേറി അവർ നെയ്തെടുത്ത മനോഹര ഗാനങ്ങൾക്ക് മരണമില്ല.

1994 ലായിരിക്കണം ഞാനാദ്യമായി ജാനകിയമ്മയോടൊത്ത് ഒരു ഭക്തിഗാന ആൽബത്തിൽ പാടുന്നത്. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ. പഴയൊരു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റിലീസ് ചെയ്തൊരു ആൽബം. "മനിതർപോൽ കടവുൾക്കും ഒരു ടൈം ഇര്ക്ക് ". തൻ്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അമ്മ പറയുന്ന ഓർമ്മ. അഭിരാമപുരത്തുള്ള അന്നത്തെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. വിസ്തൃതമായ അവരുടെ ലിവിംഗ് മുറിയിലെ സ്റ്റീരിയോ സിസ്റ്റത്തിൽ 1960 കളിൽ ലത മങ്കേഷ്ക്കർ പാടി പ്രസിദ്ധമായ ഗാനങ്ങൾ പലതും ജാനകിയമ്മയുടെ ശബ്ദത്തിൽ, അതേ ഓർക്കസ്ട്രേഷനിൽ കേൾപ്പിച്ചു. ഞാൻ ചോദിച്ചു. ഇത് റീ റിക്കാർഡ് ചെയ്തവയാണോ? " ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും" അമ്മ ചിരിച്ചു. ഒറിജിനൽ ഗാനങ്ങൾ ഒരു സ്റ്റീരിയോയിൽ പ്ലേ ചെയ്യുമ്പോൾ, ഓർക്കസ്ട്ര മാത്രം ഇന്നൊരു ടേപ്പ് റിക്കാർഡിൽ റിക്കാർഡ് ചെയ്യും. ലതാജിയുടെ ശബ്ദത്തിന് പകരം ജാനകിയമ്മയുടെ സ്വരവും, ലൈവ് ആയി ഒരു മൈക്കിലൂടെ! അവിടെ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുള്ള സഹൃദയായ ഒരു ഗാന വിദ്യാർത്ഥിയെ ഞാൻ കാണുകയായിരുന്നു.

സ്വരലയയുടെ യേശുദാസ് അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തെത്തിയ ജാനകിയമ്മയോടൊപ്പം രണ്ട് ഗാനമേളകളിൽ പങ്കെടുക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കൊല്ലം കടപ്പാക്കടയിലും പാലക്കാടും. മദ്രാസിൽ ഭരണി സ്റ്റുഡിയോയിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ മൂന്ന് ഡിവോഷനൽ ഗാനങ്ങൾ അമ്മയോടൊപ്പം പാടി റിക്കാർഡ് ചെയ്യാനുള്ളൊരു അസുലഭ സൗഭാഗ്യവും എനിക്ക് ലഭിച്ചു.

2013 ൽ കേന്ദ്ര ഗവൺമെൻ്റ് ജാനകിയമ്മയ്ക്ക് പത്മഭൂഷൻ നൽകാൻ തീരുമാനിച്ചപ്പോൾ സൗമ്യയായ് അവരത് നിരസിച്ചു. അന്വേഷിച്ചുവന്ന മീഡിയ ക്യാമറകളോട് ഒരു കുസൃതിച്ചിരിയോടെ അവർ മൊഴിഞ്ഞു, സീനിയർ ഗായകർക്ക് ഭാരതരത്ന അവാർഡ് ലഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഗാനലോകവീഥികളിലെങ്ങും ദർശിക്കാത്ത ധൈര്യവും സത്യസന്ധതയും ജാനകിയമ്മുടെ പെരുമാറ്റത്തിലും വാക്കുകളിലും പ്രകടമായിരുന്നു. 2017ൽ താൻ സംഗീത രംഗത്ത് നിന്ന് വിരമിക്കുകയാണ്, ഇത് പുതിയ പാട്ടുകാർ രംഗത്തേക്ക് കടന്നു വരാൻ വഴിയൊരുക്കുമെന്നാണ് വിശ്വാസമെന്ന് അവർ പറഞ്ഞു.

33 സ്റ്റേറ്റ് അവാർഡുകൾ, 3 നാഷണൽ അവാർഡുകൾ, ഏതാണ്ട് 45000 ത്തോളം ഗാനങ്ങൾ, ജാനകിയമ്മയുടേതായിട്ടുണ്ട്. സംഗീത പ്രേമികൾക്കൊരിക്കലും മറക്കാനാകാത്ത , അവർ ഇന്നും എന്നും മൂളി നടക്കുന്ന ഗാനങ്ങൾ . എൻ്റെ കുട്ടിക്കാലത്തെ ഗാനസുരഭിലമാക്കിയ പാട്ടുകാരിൽ ബാബുരാജിൻ്റെ സംഗീതത്തിൽ ജാനകിയമ്മയുടെ ഗാനങ്ങളുടെ സ്വാധീനവലയം ശക്തമാണ്.

പ്രിയ ഗായികയ്ക്ക് യാത്രാമൊഴി. സംഗീതത്തിൻ്റെ നീരാഴി നീന്തിക്കടന്ന് കാണാത്ത തീരങ്ങളിലെത്തിച്ചേർന്ന ജാനകിയമ്മ തൻ്റെ രത്നഘചിതമാം ഗാനച്ചിറകുകളാൽ അവിടവും സംഗീത നിർഭരമാക്കുമെന്നുറപ്പ്.

എസ്. ജാനകി അന്തരിച്ചു

മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകീട്ടോടെ അന്തരിച്ചു. ഏക മകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് പേരക്കുട്ടി അപ്സരയുടെ കൂടെയായിരുന്നു മൈസൂരുവിൽ താമസം.

60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.

1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ...’ എന്ന ദുഃഖഗാനം ആലപിച്ചുകൊണ്ട് മലയാളത്തിൽ തുടക്കംകുറിച്ചു. തമിഴ്, തെലുഗു, ചിത്രങ്ങൾക്കായി പാട്ടുകളെഴുതി. സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്.

1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. മൂന്നു വയസ്സുമുതൽ പാടാൻ തുടങ്ങി. പത്താംവയസ്സുവരെമാത്രമായിരുന്നു ‌ഔപചാരിക സംഗീതപഠനം. 1997-ൽ ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം സിനിമാഗാനരംഗത്ത് സജീവമല്ലാതായി. 2016-ൽ സംഗീതജീവിതത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം മൈസൂരുവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉമയാണ് മരുമകൾ.

Content Highlights: Renowned playback singer G. Venugopal penned a deeply nostalgic tribute to the late S. Janaki, highlighting her absolute technical mastery over sound recording, her unmatched legacy of 45,000 songs, and the fearless honesty that led her to decline the Padma Bhushan award.