ശരണ്യ മോഹന് മുന്നിൽ അനുസരണയുള്ള വിദ്യാർഥിയായി സിമ്പു; വെെറൽ ചിത്രം

തമിഴ് നടൻ സിമ്പുവിനെ നൃത്തം പഠിപ്പിക്കുന്ന നടി ശരണ്യ മോഹന്റെ ചിത്രങ്ങൾ വെെറലാകുന്നു. 'ഈശ്വരൻ' എന്ന ചിത്രത്തിന് വേണ്ടിയാണ് സിമ്പു നൃത്തം പഠിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ശരണ്യ. സ്വന്തമായി നൃത്ത വിദ്യാലയം തുടങ്ങി അതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം
സുശീന്ദ്രനാണ് 'ഈശ്വരൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ലോക്ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു.
കഠിനാധ്വാനത്തിലൂടെയാണ് സിമ്പു ഭാരം കുറച്ചത്. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.
പുലർച്ചെ 4.30 മുതലാണ് സിമ്പു ജിം വർക്കൗട്ടുകൾ ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡുകൾ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.
Content Highlights: Simbu trains dance Bharathanatyam, Saranya Mohan
Content Highlights: