പണിയറിയാതെ വലിഞ്ഞുകയറിവന്ന് സിനിമ ചെയ്തതല്ല, സർക്കാർ പദ്ധതിയിൽ പങ്കാളിയായി എന്ന തെറ്റേ ചെയ്തിട്ടുള്ളൂ -ശ്രുതി ശരണ്യം

സംവിധായിക ശ്രുതി ശരണ്യം | ഫോട്ടോ: www.facebook.com/shruti.namboodiri.9
സംവിധായിക ശ്രുതി ശരണ്യം | ഫോട്ടോ: www.facebook.com/shruti.namboodiri.9

സർക്കാർ പിന്തുണയോടെ പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരും സ്ത്രീസംവിധായകരും സിനിമ ഒരുക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 30 പേർ പരാതി നൽകിയ സംഭവത്തിൽ വിവാദം. പരാതി നൽകിയതിനെതിരെ സംവിധായിക ശ്രുതി ശരണ്യം രംഗത്തെത്തി. പരാതിയുടെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ശ്രുതി ശരണ്യം മറുപടി നൽകിയിരിക്കുന്നത്. സർക്കാർ പദ്ധതിപ്രകാരമുള്ള സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന അപരാധം മാത്രമാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത്. അതിന് കൊടുക്കേണ്ടി വരുന്നത് മനസമാധാനത്തിൻ്റെയും തൊഴിലിൻ്റെയും മാനാഭിമാനങ്ങളുടെയും വിലയാണെന്നറിഞ്ഞിരുന്നെങ്കിൽ പലരും ഇതിന് തയ്യാറാകുമായിരുന്നില്ലെന്ന് ശ്രുതി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശ്രുതി ശരണ്യത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എൻ്റെ ഈ പോസ്റ്റ് വളരെ ഗൗരവതരമായിത്തന്നെ സാംസ്കാരികവകുപ്പ് കാണുമെന്ന പ്രതീക്ഷയോടെയാണ് ഈ നേരമില്ലാ നേരത്തും ഇതെഴുതുന്നത്. ചുവടെ നൽകിയിട്ടുള്ള സ്ക്രീൻ ഷോട്സ് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പു മന്ത്രിയ്ക്ക് ആരൊക്കെയോ ചിലർ ചേർന്ന് നൽകിയിട്ടുള്ള പരാതിയുടെ പകർപ്പാണ്. ഇതിൽ പറഞ്ഞിട്ടുള്ള ഞാൻ ഉൾപ്പെടെയുള്ള ഫിലംമേക്കേഴ്സ് ആകെ ഒരു തെറ്റുമാത്രമേ ചെയ്തിട്ടുള്ളു - സർക്കാർ പദ്ധതിപ്രകാരമുള്ള സിനിമാ നിർമ്മാണത്തിൽ പങ്കാളികളായി എന്ന അപരാധം. അതിന് ഞങ്ങൾ കൊടുക്കേണ്ടി വരുന്നത് ഞങ്ങളുടെ മന:സ്സമാധാനത്തിൻ്റെയും, തൊഴിലിൻ്റെയും, മാനാഭിമാനങ്ങളുടെയും വിലയാണെന്നറിഞ്ഞിരുന്നെങ്കിൽ ഞങ്ങളിൽ പലരും ഒരുപക്ഷേ ഈ പണിക്കു തന്നെ പോവില്ലായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളെയും ഞങ്ങളുടെ ചിത്രങ്ങളെയും അപകീർത്തിപ്പെടുത്തുന്ന സ്വരത്തിലുള്ള ഈ പരാതിയിൽ പറയുന്ന ചില കാര്യങ്ങൾ ഇതെഴുതിയവരുടെയും സാംസ്കാരിക വകുപ്പിൻ്റെയും ശ്രദ്ധയിൽപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. ഇനിമേലിൽ ഞങ്ങൾക്കെതിരെ നിരുത്തരവാദപരമായി ആരെങ്കിലും ഇപ്രകാരത്തിൽ എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിച്ചാൽ അവർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടോയെന്ന് ഞാനും അന്വേഷിച്ചെന്നിരിക്കും. അതുകൊണ്ട് മേലിൽ ഇത്തരം പരാതികളും പോസ്റ്റുകളും കൊണ്ട് ഇറങ്ങുംമുൻപ് അടിസ്ഥാന റിസെർച്ച് എങ്കിലും നടത്തുക.

1) സർക്കാർ പദ്ധതിപ്രകാരം സിനിമ നിർമ്മിച്ച ഞാൻ ഒരു "ട്രെയ്ൻഡ് ആൻഡ് പ്രാക്ടിസിംഗ്" ഫിലിംമേക്കറാണ്. അല്ലാതെ നിങ്ങളാരോപിക്കുന്ന പോലെ പണിയറിയാതെ വലിഞ്ഞുകേറി വന്നതല്ല. ബിരുദാനന്തരബിരുദത്തിൽ സിനിമ ഐച്ഛികമായി പഠിച്ച് ഏകദേശം 18 ൽ കൂടുതൽ വർഷം സിനിമയിൽ പ്രവർത്തിച്ച പരിചയത്തിലാണ് ഞാൻ ആ പദ്ധതിക്ക് അപേക്ഷിക്കുന്നത്. പിന്നെ നിങ്ങളുടെ ഭാവുകത്വങ്ങൾക്കനുസരിച്ച് സിനമയെടുക്കാത്തവർക്കൊന്നും സിനിമയറിയില്ല എന്നു പറയാൻ ഈ ഒപ്പിട്ടവരിൽ ഫിലിംമേക്കേഴ്സ് എത്രപേരുണ്ട്?

2) ഞാൻ ഉൾപ്പെടെ പലരുടെയും സിനിമകൾ ഇൻ്റർനാഷ്ണൽ ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് കാരണം - എൻ്റെ സിനിമകൾ ആകെ പത്തിൽ താഴെ ഫെസ്റ്റിവലുകൾക്കാണ് അയച്ചിട്ടുള്ളത്. അതും സിനിമയുടെ കോപ്പി കൈപ്പറ്റി സ്വന്തം നിലയ്ക്ക് ഫെസ്റ്റിവലുകൾക്ക് അയക്കാനോ ഒരു ക്യുറേറ്ററെ സിനിമ കാണിക്കാനോ ഉള്ള അവകാശം പോലും ഞങ്ങളിൽ മിക്കവാറും ഫിലിംമേക്കേഴ്സിന് ഇല്ലായിരുന്നു. എൻ്റെ അറിവിൽ ആ ഭാഗ്യം ലഭിച്ചവർ രണ്ടു ഫിലിം മേക്കേഴ്സ് മാത്രമായിരുന്നു. അതുകൊണ്ട് ചില അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെങ്കിലും അവർക്ക് പങ്കെടുക്കാനായി. എൻ്റെ സിനിമയുടെ കോപ്പി ഇപ്പൊഴും എൻ്റെ കൈവശമില്ലെന്നതാണ് വാസ്തവം. മാത്രമല്ല, സിനിമയുടെ വിമിയോ ലിങ്ക് കെ.എസ്.എഫ്.ഡി.സിയോട് പല തവണ ആവശ്യപ്പെട്ടിട്ടും ചില ഫെസ്റ്റിവലുകൾക്ക് അയച്ചുകൊടുക്കാതിരുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ട്. അങ്ങിനെയൊരവസരത്തിൽ ഒരു ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കുവാനുള്ള അവസരം നഷ്ടപ്പെടരുത് എന്നു കരുതി ഞാൻ സ്വന്തം നിലയ്ക്ക് വിമിയോ ലിങ്ക് ആ ഫെസ്റ്റിവൽ ടീമിന് അയച്ചു കൊടുത്തതിൻ്റെ പേരിൽ കെ.എസ്.എഫ്.ഡി.സി. കോപ്പിറൈറ്റ് നിയമപ്രകാരം എനിയ്ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞ് എന്നെ നിശബ്ദയാക്കിയിട്ടുമുണ്ട്. ഈ കോപ്പിറൈറ്റിൽ സിനിമയുടെ റൈറ്ററായ എനിയ്ക്കും IPRS നിയമപ്രകാരം അവകാശമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതുതന്നെ ഈ അടുത്ത കാലത്തായിരുന്നു. എൻ്റെ നിശബ്ദതയെ പലരും വ്യാഖ്യാനിച്ചത് ഞാൻ കെ.എസ്.എഫ്.ഡി.സിയിൽ നിന്നും ഔദാര്യങ്ങൾ കൈപ്പറ്റിയിട്ടാണ് മിണ്ടാതിരിക്കുന്നത് എന്നായിരുന്നു. ഒരുപാട് കാലമാണ് മിണ്ടാതെ എല്ലാ അപമാനവും വേദനയും കടിച്ചുപിടിച്ച് ഒതുങ്ങിക്കൂടിയത്.

3) നാട്ടിൽ സർക്കാർ പദ്ധതികൾ എത്രയോ വരുന്നു പോവുന്നു പരാജയപ്പെടുന്നു. വേറെ ഒന്നിനെക്കുറിച്ചും പൊട്ടാത്ത നാട്ടുകാരുടെ കുരു മുഴുവൻ ഈ പദ്ധതിയെക്കുറിച്ചു മാത്രം പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇനി പഞ്ചപുച്ഛമടക്കി മിണ്ടാതെ കേട്ടുനിൽക്കില്ലെന്ന് ഇതിനാലെ അറിയിക്കുന്നു. മേലിൽ ഞങ്ങൾക്കെതിരെ ഇത്തരം നിരുത്തരവാദപരമായ എന്തെങ്കിലുമൊരു പരാതിയൊ എഴുത്തുകുത്തോ ആരെങ്കിലുമിറക്കിയാൽ ഞാൻ അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുന്നതാണ്. ഞങ്ങളെ വെറുതെ വിടുക.

സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അടൂരിന്‍റെ അഭിപ്രായ പ്രകടനം. നിരവധി പേർ ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വിവാദം താത്ക്കാലികമായി അടങ്ങിയ സമയത്താണ് മലയാള സിനിമയെ ഗൗരവതരമായി കാണുന്നവരുടെ കൂട്ടം എന്ന പേരിൽ 30 പേർ ചേർന്ന് മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്.

എഴുത്തുകാരായ പ്രൊഫ.ആർ.നന്ദകുമാർ, ഡോ. വി. രാജാകൃഷ്ണൻ, പോൾ സക്കറിയ, എം.എൻ. കാരശ്ശേരി, സി.വി. ബാലകൃഷ്ണൻ, സംവിധായകരായ ഡോൺ പാലത്തറ, വേണു നായർ, മധു ഇറവങ്കര തുടങ്ങിയവരാണ് പരാതി നൽകിയവരുടെ കൂട്ടത്തിലുള്ളത്.

Content Highlights: Shruthi Sharanyam addresses complaint against Kerala govt`s film project, defending participation and criticizing allegations.