ഒരിക്കലെങ്കിലും മമ്മൂട്ടിയുടെ നെഞ്ചിൽ തല ചേർത്തുവെക്കണം, സ്വർഗത്തിൽ പോയതുപോലെയുണ്ടാവും- ശോഭ ഡേ

തിരുവനന്തപുരം: ഒരിക്കൽക്കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടിയാവാനാണ് ആഗ്രഹമെന്ന് എഴുത്തുകാരി ശോഭാ ഡേ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സ്വാതി നാഗരാജുമൊത്തുള്ള സെഷനിലായിരുന്നു ശോഭാ ഡേയുടെ ഈ പരാമർശം. എന്തുകൊണ്ട് മമ്മൂട്ടിയെന്ന ക്യൂറേറ്ററുടെ ചോദ്യത്തിന് താനദ്ദേഹത്തെ ആരാധിക്കുന്നുവെന്ന് അവർ മറുപടി പറഞ്ഞു.
കുറച്ച് പഴയ സിനിമയിലാണ് താൻ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാൻ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചിട്ടുണ്ട്. ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ആ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമർത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്നും ശോഭാ ഡേ പറഞ്ഞു.
എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണം, ഒരു മൈക്രോ സെക്കൻഡ് നേരത്തേക്കെങ്കിലും. സ്വർഗത്തിൽ പോയതുപോലെയുണ്ടാവും അത്. പിന്നെ ആ പുഞ്ചിരിയും. ഞാൻ എന്റെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു, ശോഭാ ഡേ കൂട്ടിച്ചേർത്തു. നാലുദിവസം നീണ്ട ക-മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം കഴിഞ്ഞദിവസമാണ് സമാപിച്ചത്.
Content Highlights: shobhaa de about mammootty in mbifl 2023, shobhaa de interview