ഓഡിഷൻ എന്ന പേരിൽ അശ്ലീലരംഗം ചെയ്യാൻ നിർബന്ധിച്ചു, അയാളെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു -ശിൽപ്പ ഷിൻഡേ

കരിയറിന്റെ തുടക്കകാലത്ത് ഒരു ബോളിവുഡ് നിർമാതാവിൽനിന്ന് നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശിൽപ്പ ഷിൻഡേ. മുന്‍ ബിഗ്ബോസ് ജേതാവ് കൂടിയാണ് ശില്‍പ. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് അശ്ലീലരംഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു എന്ന് ന്യൂസ് 18-ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഇതിനുപിന്നിലെ കള്ളത്തരം മനസിലാവാതെ അഭിനയിക്കാൻ തുടങ്ങിയപ്പോൾ നിർമാതാവിന്റെ പെരുമാറ്റം അതിരുവിട്ടെന്നും അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നെന്നും അവർ പറഞ്ഞു.
1998-99 കാലഘട്ടത്തിലാണ് തന്നെ ഏറെ ഭയപ്പെടുത്തിയ സംഭവം നടന്നതെന്ന് ശിൽപ്പ ഷിൻഡേ പറഞ്ഞു. കരിയർ പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു അത്. സീനിൽ ധരിക്കേണ്ടതാണെന്നുപറഞ്ഞ് ഏതാനും വസ്ത്രങ്ങൾ തന്നു. പക്ഷേ അത് ധരിക്കാൻ താൻ മടിച്ചുവെന്ന് അവർ പറഞ്ഞു.
"ബോസ് ആയാണ് അയാൾ അഭിനയിക്കുന്നത്. അയാളെ ഞാൻ വശീകരിക്കുന്നതായാണ് ഞാൻ അഭിനയിക്കേണ്ടത്. വളരെ നിഷ്കളങ്കയായ ഞാൻ അവർ പറഞ്ഞതുപോലെ ചെയ്തു. പക്ഷേ അയാൾക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു. ഞാൻ ഭയന്നുപോയി. അയാളെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടിയിരുന്നു. എന്നോട് അവിടെ നിന്ന് എത്രയുംവേഗം പോകാൻ അവർ നിർദേശിച്ചു."
ഈ നിർമാതാവ് ഹിന്ദി ചലച്ചിത്ര മേഖലയിൽനിന്നുള്ളയാളാണെന്ന് ശിൽപ്പ വിശദീകരിച്ചു. അദ്ദേഹം ഒരു നടൻകൂടിയായതുകൊണ്ടാണ് താൻ ആ രംഗം ചെയ്യാൻ സമ്മതിച്ചത്. താൻ പറയുന്നത് കള്ളമല്ല. പക്ഷേ അയാളുടെ പേര് പറയില്ല. കാരണം അദ്ദേഹത്തിന്റെ കുട്ടികൾക്ക് തന്നേക്കാൾ പ്രായം കുറവായിരിക്കും. ആ പേര് പുറത്തുവന്നാൽ അത് ആ കുട്ടികളേയും ബാധിക്കും. വർഷങ്ങൾക്കുശേഷം ഈ നിർമാതാവിനെ വീണ്ടും കണ്ടപ്പോൾ വളരെ മാന്യമായാണ് പെരുമാറിയത്. തന്നെ തിരിച്ചറിയാതിരുന്ന അദ്ദേഹം സിനിമയിൽ വേഷം തരാമെന്ന് പറയുകപോലും ചെയ്തുവെന്നും ശിൽപ്പ കൂട്ടിച്ചേര്‍ത്തു.
Content Highlights: Actress Shilpa Shinde Alleges Sexual Assault by Bollywood Filmmaker