'ഫൂലൻദേവിക്ക് എന്നെ പേടിയായിരുന്നു'; രസകരമായ ഓർമ പങ്കുവെച്ച് നടൻ ശേഖർ സുമൻ

#Movies Desk
ഫൂലന്‍ദേവി, ശേഖര്‍ സുമന്‍ | Photo: ANI, AP
ഫൂലന്‍ദേവി, ശേഖര്‍ സുമന്‍ | Photo: ANI, AP

ഉത്തർപ്രദേശിലെ ചമ്പൽക്കാടുകളെ വിറപ്പിച്ച ഫൂലൻ ദേവിയെ നേരിൽ കണ്ടുമുട്ടിയ രസകരമായ ഓർമ പങ്കുവെച്ച് നടൻ ശേഖർ സുമൻ. ഒരുപാട് പേരുടെ ജീവനെടുത്ത ഫൂലൻ ദേവിക്ക് തന്നേയും തന്റെ ചോദ്യങ്ങളേയും പേടിയായിരുന്നുവെന്ന് ശേഖർ സുമൻ തമാശരൂപേണ പറഞ്ഞു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയെ അഭിമുഖം ചെയ്തതും വാർത്താഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ നടൻ ഓർത്തെടുത്തു.

'അവർ വന്നിരുന്നപ്പോൾ, കാല് തറയിൽതൊടുന്നുണ്ടായിരുന്നില്ല. നിങ്ങളുടെ കാല് നിലത്തെത്തുന്നില്ലല്ലോ, പിന്നെ നിങ്ങളെങ്ങനെ കൈയിലൊരു തോക്കുമായി കുതിരപ്പുറത്തിരുന്നു. നിങ്ങളെ ബാൻഡിറ്റ് ക്വീൻ എന്നല്ലേ വിളിക്കുന്നത്', ഫൂലൻ ദേവിയെ ആദ്യമായി കണ്ടപ്പോൾ ചോദിച്ചതായി ശേഖർ സുമൻ ഓർത്തെടുത്തു.

'മറുപടിയൊന്നും പറയാതെ ഫൂലൻ ദേവി എന്നെ നോക്കിയിരുന്നു. 'ഒട്ടേറെപ്പേരെ വെടിവെച്ചുകൊന്ന നിങ്ങൾക്ക് ആരെയെങ്കിലും പേടിയുണ്ടോ', എന്ന് ഞാൻ ചോദിച്ചു. ഇതുകേട്ട ഫൂലൻ ദേവി എന്നോട് തമാശയായി പറഞ്ഞത്, 'നിങ്ങളെന്ന് കൊല്ല്' എന്നായിരുന്നു', ശേഖർ സുമൻ കൂട്ടിച്ചേർത്തു.

'എന്റെ അഭിമുഖ പരിപാടി കണ്ട് ബാൽ താക്കറെ എന്നെ വിളിച്ചു. അദ്ദേഹം എന്നെ പ്രശംസിച്ചു. അവസരം മുതലാക്കിയ ഞാൻ അദ്ദേഹത്തിന് അഭിമുഖം തരുമോയെന്ന് ചോദിച്ചു. അഭിമുഖം പൂർത്തിയായ ശേഷം, 'ഇത് വളരെ രസകരമായിരുന്നു, ഒന്നൂടെ ചെയ്യാമോ' എന്ന് ബാൽ താക്കറെ ചോദിച്ചു. വേറെ വേഷമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, ഇതേ വേഷത്തിൽ തന്നെ ചെയ്യാമെന്ന് ബാൽ താക്കറെ പറഞ്ഞു. അത് ഞാൻ ഒരിക്കലും മറക്കാത്ത നിമിഷമാണ്', ബാൽ താക്കറെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ശേഖർ സുമൻ ഓർത്തെടുത്തു.

Content Highlights: Shekhar Suman recounts his experience interviewing Phoolan Devi. Details on his interaction with Bal Thackeray.