‘ധുരന്ധർ’ റിവ്യൂ പങ്കുവെച്ച് ശശി തരൂർ; മേക്കിങ്ങിന് പ്രശംസ, രാഷ്ട്രീയത്തിന് വിമർശനം

'ധുരന്ധർ' ചിത്രങ്ങൾ പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം റിവ്യൂ പങ്കുവെച്ച് ശശി തരൂർ എം.പി. അഭിനേതാക്കളുടെ പ്രകടനത്തെയും മേക്കിങ്ങിനെയും പ്രശംസിച്ച തരൂർ, ചിത്രം നൽകുന്ന രാഷ്ട്രീയ സന്ദേശത്തോടുള്ള എതിർപ്പ് വ്യക്തമാക്കി. ആദ്യഭാഗത്തെക്കാൾ തനിക്കിഷ്ടമായത് രണ്ടാംഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂട്യൂബിൽ പങ്കുവെച്ച ഏഴുമിനിറ്റുള്ള വീഡിയോയിലാണ് തരൂർ ചിത്രത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. വയലൻസ് രംഗങ്ങൾക്കെതിരായ എതിർപ്പ് തരൂർ തുറന്നുപറഞ്ഞു. ഇത്രയേറെ രക്തച്ചൊരിച്ചിൽ ആവശ്യമുണ്ടായിരുന്നില്ല. ചിലത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും അറപ്പുളവാക്കുന്ന സീനുകളായിരുന്നു. ഇന്ത്യ- പാകിസ്താൻ ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയെ അദ്ദേഹം എതിർത്തു.
ചിത്രത്തിൽ പ്രൊപ്പഗാൻഡ സ്വഭാവമുള്ള ഭാഗങ്ങളുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചില സീനുകൾ കാണുമ്പോൾ പാകിസ്താനികൾ ചിരിച്ചേക്കാം. എന്നാൽ, ചില കാര്യങ്ങൾ കാണുമ്പോൾ, തങ്ങളുടെ പേരിൽ എന്തൊക്കെ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് അവർക്ക് തിരിച്ചറിഞ്ഞേക്കാം. രാജ്യത്തിന് പുറത്ത് എവിടെയെങ്കിലും സ്ഫോടനങ്ങൾ നടത്താൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉത്തരവിട്ടതായി തന്റെ അറിവിലില്ല. 1990-കളുടെ അവസാനം മുതൽ ഇന്നത്തെക്കാലത്ത് വരെ ഒരു ഉദ്യോഗസ്ഥൻ ഒരേ പദവിയിൽ തുടരുന്നു എന്നത് അവിശ്വസനീയമാണെന്നും ആർ. മാധവന്റെ കഥാപാത്രത്തെ ഓർമിപ്പിച്ച് തരൂർ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്ന് പറയപ്പെടുന്ന അജയ് സന്യാൽ എന്ന കഥാപാത്രത്തെയാണ് മാധവൻ ചിത്രത്തിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രൺവീർ സിങ് നായകനായ ആദിത്യ ധർ ചിത്രം ധുരന്ധർ ആദ്യഭാഗം പുറത്തിറങ്ങിയത്. മാർച്ചിൽ രണ്ടാംഭാഗവുമെത്തി. ഇരുചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽനിന്ന് 3,100-ലേറെക്കോടി രൂപ വാരിയെന്നാണ് കണക്കുകൾ.
Content Highlights: Congress MP Shashi Tharoor shared a detailed seven-minute video review of the movie 'Dhurandhar'. While praising the filmmaking and performance, he expressed strong opposition to its political messaging and violent scenes. Tharoor noted that he liked the second part of the franchise better than the first installment. He questioned the depiction of intelligence operations and pointed out inaccuracies in R. Madhavan's character portrayal. 'Dhurandhar', directed by Aditya Dhar and starring Ranveer Singh, released in two parts and achieved massive box office success.