'കല്ലെറിഞ്ഞതിന് നന്ദി, ഒരു നാൾ ഞാനും ദേശീയ പുരസ്കാരം നേടും അന്ന് പുഞ്ചിരിയാകും എന്റെ മറുപടി'

Shantanu
Shantanu

തന്റെ പേരിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് തമിഴ് നടൻ ശന്തനു ഭാ​ഗ്യരാജ്. വിജയ്-വിജയ് സേതുപതിയുമായി ഒന്നിച്ച മാസ്റ്റർ എന്ന ചിത്രത്തിലെ ശന്തനുവിന്റെ ഭാർ​ഗവ് എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ട്രോളുകൾ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ പുരസ്കാര ചടങ്ങിൽ മികച്ച സഹതാരമായി തിരഞ്ഞെടുക്കപ്പെട്ടത് ഭാർ​ഗവായി വേഷമിട്ട ശന്തനുവിനെയാണ് എന്ന പേരിലാണ് മീമുകളും ട്രോളുകളും സജീവമായത്. ഇതിനോടാണ് താരത്തിന്റെ പ്രതികരണം.

ഒരു നാൾ താനും ​ദേശീയ പുരസ്കാരം നേടുമെന്നും അന്ന് ഈ ട്രോളുകൾക്ക് താൻ നൽകുന്ന മറുപടി പുഞ്ചിരിയാകുമെന്നും മീം പങ്കുവച്ചുകൊണ്ട് ശന്തനു ട്വീറ്റ് ചെയ്യുന്നു.

"മറ്റൊരാളെ ട്രോളുന്നതിലൂടെ ഒരാൾക്ക് ലഭിക്കുന്ന ചെറിയ സന്തോഷം. ഈ ട്രോളുകൾ ക്ഷമ നശിപ്പിക്കുന്നു. എങ്കിലും ഈ പ്രപഞ്ചത്തിൽ അറിഞ്ഞോ അറിയാതെയോ സ്പന്ദനം അറിയിച്ചതിന് എന്നെ കല്ലെറിഞ്ഞവർക്ക് നന്ദി.. നിങ്ങൾ പോലും പറഞ്ഞ സ്ഥിതിക്ക് ഇത് നടക്കാതെ പോകില്ലല്ലോ... ഇത് ഒരുനാൾ നടക്കും അന്ന് എന്റെ മറുപടി വെറും പുഞ്ചിരി മാത്രമായിരിക്കും.. സ്നേഹത്തോടെ ഭാർ​ഗവ്.." ശന്തനു കുറിക്കുന്നു.  

മാസ്റ്ററിൽ വളരെ ചെറുത് എങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ശന്തനുവിന്റേത് . ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. മാസ്റ്ററിന് മുമ്പ് ഓടിടി റിലീസായി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളിലാണ് ശന്തനു വേഷമിട്ടത്. സുധാ കോങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഭാ​ഗത്തിൽ കാളിദാസ് ജയറാമിനൊപ്പം ഏറെ പ്രാധാന്യമുള്ള ശരവണൻ എന്ന കഥാപാത്രത്തെയാണ് ശന്തനു അവതരിപ്പിച്ചത്. 

Content Highlights : Shanthnu Bhagyaraj shuts down trolls about his role in Master movie Vijay Vijay Sethupathi Lokesh kanakaraj

Content Highlights: