'ബള്‍ട്ടി'ക്കു ശേഷം ബിഗ് ബജറ്റ് സിനിമയുമായി ഷെയിന്‍ നിഗം

ഷെയിൻ നിഗം, ഷെയിൻ പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം
ഷെയിൻ നിഗം, ഷെയിൻ പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം

തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ 'ബള്‍ട്ടി'ക്കു ശേഷം മറ്റൊരു ബിഗ് ബജറ്റ് സിനിമയില്‍ ഷെയിന്‍ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന, പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയില്‍ നിഗം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

പൂജാ റിലീസായെത്തി, സൂപ്പര്‍ഹിറ്റായി മാറിയ ആക്ഷന്‍ സിനിമയായ 'ബള്‍ട്ടി' നായകനടനെന്ന നിലയില്‍ ഷെയിന്‍ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. സിനിമയുടെ വന്‍വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഷെയിന്‍ പങ്കാളിയാകുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

കേരള- തമിഴ് പശ്ചാത്തലത്തില്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രവീണ്‍ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് പ്രവീണ്‍ നാഥ് എത്തുന്നത്.

വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ കോ- ഡയറക്ടര്‍മാരായി ഷഫീക് കെ. കുഞ്ഞുമോന്‍, നവീന്‍ ബോസ്വാന്‍ എന്നിവരുമുണ്ട്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.

Content Highlights: Shane Nigam gears up for a new big-budget film after the success of `Balti`. Production begins for the yet-untitled movie, hinting at exciting Kerala-Tamil backdrop