ഷക്കീറയുടെ സംഗീതപരിപാടിക്കായി വേദിയൊരുക്കവെ അപകടം; നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം | വീഡിയോ

#Entertainment Desk
ഷക്കീറ, അപകടം നടന്ന സ്ഥലം | Photos: AP, AFP
ഷക്കീറ, അപകടം നടന്ന സ്ഥലം | Photos: AP, AFP

പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയുടെ സംഗീതപരിപാടിക്കായി വേദിയൊരുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ കൊപകബാന ബീച്ചിൽ ഞായറാഴ്ചയാണ് സംഭവം. വേദിയൊരുക്കുന്നതിനായി ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തിയ ലോഹഭാഗം അരയ്ക്ക് താഴെഭാഗത്തായി പതിച്ചാണ് തൊഴിലാളി മരിച്ചത്. മ്യൂസിക് കൺസർട്ടിന്റെ സംഘാടകർ ഇക്കാര്യം സ്ഥിരീകരിച്ചതായി പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്തു. 

അപകടമുണ്ടായ ഉടൻ തന്നെ തൊഴിലാളിക്ക് പ്രഥമശുശ്രൂഷ നൽകുകയും അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നുവെന്ന് സംഘാടകർ പറയുന്നു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുന്നതായും സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.

അപകടത്തിൽ തൊഴിലാളിക്ക് ഗുരുതരമായ പരിക്കേറ്റിരുവെന്ന് പ്രാദേശിക ഫയർ ഫോഴ്‌സ് അറിയിച്ചു. എമർജൻസി ടീം എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആംബുലൻസ് സർവീസിലെ സൈനികോദ്യോഗസ്ഥർ ആശുപത്രിയിലെത്തുന്നതിന് മുമ്പ് നൽകേണ്ട എല്ലാ പരിചരണവും തൊഴിലാളിക്ക് നൽകി. എന്നാൽ മുൻസിപ്പൽ ആശുപത്രിയിലത്തിച്ചെങ്കിലും തൊഴിലാളി മരണത്തിന് കീഴടങ്ങിയെന്നും ഫയർ ഫോഴ്‌സ് കൂട്ടിച്ചേർത്തു.

Content Highlights: A construction worker died following a tragic accident while preparing the stage for Colombian singer Shakira's concert at Copacabana Beach in Rio de Janeiro, Brazil. According to reports confirmed by the organizers and People Magazine, a heavy metal part lifted by a hoist fell on the worker, striking him below the waist. Despite receiving immediate first aid and being rushed to a municipal hospital by emergency personnel, the worker succumbed to his severe injuries. The event organizers expressed their condolences, stating they are supporting the deceased's family and ensuring all necessary assistance is provided. The local fire force confirmed that the worker was in critical condition before being transported to the hospital.