സംവിധായകനുമായി അഭിപ്രായവ്യത്യാസം, ഷാരൂഖ് ചിത്രത്തിൽ നിന്ന് പിന്മാറി ഛായാഗ്രാഹകൻ

ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്ന ചിത്രത്തിൽ നിന്ന് ഛായാഗ്രാഹകൻ അമിത് റോയ് പിൻമാറി. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസമാണ് പിന്മാറ്റത്തിന് കാരണമെന്ന് അമിത് പറഞ്ഞു. സൗഹാർദപരമായാണ് ചിത്രം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇ ടൈംസുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ പിന്മാറ്റത്തേക്കുറിച്ച് ഡങ്കി ഛായാഗ്രാഹകൻ തുറന്നുപറഞ്ഞത്. “അതെ, ഞാനിനി ഡങ്കി ചെയ്യുന്നില്ല. 19 ദിവസം ഷൂട്ട് ചെയ്തു. രാജ്കുമാർ ഹിറാനിയുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഒരേ രീതിയിൽ കാര്യങ്ങൾ നോക്കിക്കാണാൻ ഞങ്ങൾക്കിരുവർക്കും സാധിച്ചില്ല. ഒരുമിച്ചിരുന്ന് സൗഹാർദപരമായാണ് ഡങ്കിയിൽ നിന്ന് വിട്ടുപോന്നത്. ഒരു സംഘട്ടനത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല." അമിത് റോയ് പറഞ്ഞു.
സഞ്ജു എന്ന ചിത്രത്തിനായി ഒരു ഗാനം ഹിറാനിക്കുവേണ്ടി താൻ ചിത്രീകരിച്ചിരുന്നെന്ന് അമിത് പറഞ്ഞു. അതിനുശേഷം പരസ്യചിത്രങ്ങൾക്കായും രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്റെ കാഴ്ചപ്പാടും പരസ്യചിത്രമെടുക്കുമ്പോൾ പരിഗണിക്കേണ്ടിവരും. പക്ഷേ സിനിമയിലേക്ക് വരുമ്പോൾ അത് സംവിധായകന്റെ കണ്ണിലൂടെയെന്നപോലെയാവുന്നു. ഡങ്കിക്കുവേണ്ടി താനെടുത്ത രംഗങ്ങൾ ചിത്രത്തിലുണ്ടാവുമെന്നും അമിത് പറഞ്ഞു.
2003-ൽ ഇഷ്ഖ് വിഷ്ഖ് എന്ന ചിത്രത്തിലൂടെയാണ് അമിത് റോയ് സിനിമയിലെത്തുന്നത്. ദിൽ മാംഗേ മോർ, രാം ഗോപാൽ വർമാ കി ആഗ്, സർക്കാർ രാജ്, ദീവാനാ മേം ദീവാന തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ഈ വർഷം ഏപ്രിലിലാണ് കിങ് ഖാനെ നായകനാക്കി ഹിറാനി ഡങ്കി എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത്. തപ്സി പന്നുവാണ് ചിത്രത്തിലെ നായിക. ബോമൻ ഇറാനിയാണ് മറ്റൊരു താരം. ജിയോ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നിവരാണ് ഡങ്കി നിർമിക്കുന്നത്. 2023 ഡിസംബർ 22-നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ, ആറ്റിലിയുടെ ജവാൻ എന്നിവയാണ് ഷാരൂഖ് ഖാന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: Shah Rukh Khan's Dunki DOP Amit Roy quits project, Rajkumar Hirani