'എന്നോട് ക്ഷമിക്കണം, വിഷമമുണ്ട്'; പിറന്നാൾ ദിനത്തിൽ ആരാധകരെ കാണാനെത്തിയില്ല, മാപ്പുചോദിച്ച് ഷാരൂഖ്

ഷാരൂഖ് ഖാൻ | ഫോട്ടോ: PTI
ഷാരൂഖ് ഖാൻ | ഫോട്ടോ: PTI

പിറന്നാൾ ദിനത്തിൽ സ്വവസതിയായ ‘മന്നത്തി’ന് മുന്നിൽ കൂടിയിരിക്കുന്ന ആരാധകരെ നേരിട്ടുകണ്ട് അഭിസംബോധന ചെയ്യുന്ന പതിവുണ്ട് സൂപ്പർതാരം ഷാരൂഖ് ഖാന്. എല്ലാ വർഷവും മുടങ്ങാതെ നടന്നിരുന്ന ഈ കൂടിക്കാഴ്ച ഇത്തവണയുണ്ടായില്ല. തന്നെ നേരിൽക്കാണാനെത്തിയ ആയിരക്കണക്കിന് ആരാധകർക്ക് മുന്നിലേക്ക് 60-ാം പിറന്നാളാഘോഷിക്കുന്ന ഷാരൂഖ് എത്തിയില്ല. ഇതിന് കാരണം പറഞ്ഞും ക്ഷമ ചോദിച്ചും കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

"അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് എനിക്കായി കാത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരേയും പുറത്തിറങ്ങി അഭിവാദ്യം ചെയ്യാന്‍ എനിക്ക് കഴിയില്ല." എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഷാരൂഖ് പറഞ്ഞു.

"നിങ്ങളോടെല്ലാം ഞാൻ അഗാധമായി ക്ഷമ ചോദിക്കുന്നു. പക്ഷേ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങൾ കാരണം എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിതെന്ന് അധികൃതർ എന്നെ അറിയിച്ചിട്ടുണ്ട്.  നിങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് നിങ്ങളെ കാണാൻ കഴിയാത്തതിൽ വിഷമമുണ്ട്. നിങ്ങളെ എല്ലാവരെയും കാണാനും സ്നേഹം പങ്കുവെക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാവർക്കും സ്നേഹം." അദ്ദേഹം വിശദീകരിച്ചു.

ആരാധകർ ഈ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണമാണ് നൽകിയത്. 'ഇന്ന് രാത്രി മുംബൈയിലെ തെരുവുകൾക്ക് നിങ്ങളെ നഷ്ടമായി, പക്ഷേ എല്ലായിടത്തും ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു' എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

'കിംഗ്, നിങ്ങളുടെയും എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു - ബാൽക്കണിയിൽ നിന്നുള്ള കൈവീശൽ ഇല്ലെങ്കിലും നിങ്ങളുടെ സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു. സുഖമായിരിക്കുക, തിളങ്ങുക, ഷാ.' മറ്റൊരു ആരാധകൻ എഴുതി.

വർഷങ്ങളായി, തന്റെ ജന്മദിനത്തിൽ മുംബൈയിലെ വസതിയായ 'മന്നത്തിന്' പുറത്ത് ഒത്തുകൂടുന്ന ആരാധകരെ ഷാരൂഖ് ഖാൻ അഭിവാദ്യം ചെയ്യുന്നത് ഒരു പതിവാണ്. ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് ഈ ബംഗ്ലാവിന് മുന്നിൽ ഒത്തുകൂടുന്നത്. നേരത്തേ മന്നത്തിലേക്ക് ഷാരൂഖ് ഖാനെ കാണാൻ മുംബൈ തെരുവിലൂടെ ഓടിവരുന്ന ആരാധകരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാത്ത അവസ്ഥയുമുണ്ടായിരുന്നു.

Content Highlights: Shah Rukh Khan cancels his traditional Mannat birthday fan greeting due to safety advice. Find out why the Bollywood superstar won`t be stepping out. Read now!