ബി2ബി മീറ്റിങ്, ശില്‍പശാലകൾ, മാസ്റ്റര്‍ക്ലാസുകള്‍; കേരള ഫിലിം മാര്‍ക്കറ്റ് രണ്ടാം പതിപ്പ് വരുന്നു

പി.എസ്. പ്രിയദര്‍ശനന്‍, ഷാജി എന്‍. കരുണ്‍, പ്രേം കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍
പി.എസ്. പ്രിയദര്‍ശനന്‍, ഷാജി എന്‍. കരുണ്‍, പ്രേം കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

കൊച്ചി: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് എത്തുന്നു. ബി2ബി മീറ്റിങ്ങുകളും ലോകസിനിമയിലെ പ്രതിഭകള്‍ നയിക്കുന്ന ശില്‍പശാലകളും മാസ്റ്റര്‍ ക്ലാസുകളുമാണ് കെ.എഫ്. എം-2ന്റെ പ്രധാന ആകര്‍ഷണങ്ങള്‍ എന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പറഞ്ഞു. 

ഡിസംബര്‍ 11, 12, 13 തിയതികളിലായി തലസ്ഥാനത്ത് വച്ചാണ് കെ.എഫ്.എം-2 സംഘടിപ്പിക്കുന്നത്. സിനിമ-എ.വി.ജി.സി.-എക്‌സ്ആര്‍ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് മാര്‍ക്കറ്റിന്റെ ലക്ഷ്യം. കെ.എഫ്.എമ്മിന്റെ ആദ്യ പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ വിപുലമായാണ് രണ്ടാം പതിപ്പ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ടാഗോര്‍ തിയറ്റര്‍ പരിസരം, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവയാണ് കെഎഫ്എം-2ന്റെ വേദികള്‍ എന്നും അദ്ദേഹം എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കെഎഫ്എം രണ്ടാം പതിപ്പില്‍ മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. ബി2ബി മീറ്റിങ്ങ്, ശില്‍പ്പശാല, മാസ്റ്റര്‍ ക്ലാസ്. പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയില്‍സ് ഏജന്‍സിയായ ആല്‍ഫ വയലറ്റിന്റെ സ്ഥാപക കെയ്‌കോ ഫുനാറ്റോ, ബാരന്റ്‌സ് ഫിലിംസ് എഎസിന്റെ മാനേജിങ് ഡയറക്ടറും പ്രശസ്ത നിര്‍മാതാവുമായ ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍ എന്നിവരുമായി നിര്‍മാതാക്കള്‍ക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കുന്നതാണ്.  പ്രശസ്ത ഛായാഗ്രാഹക ആഗ്‌നസ് ഗൊഥാര്‍ദ് നേതൃത്വം നല്‍കുന്ന സിനിമാറ്റോഗ്രഫി ശില്‍പ്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നല്‍കുന്ന പശ്ചാത്തല സംഗീത ശില്‍പ്പശാല എന്നിവ കെ.എഫ്.എമ്മിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ആഗ്‌നസ് ഗൊഥാര്‍ദിന്റെ സിനിമാറ്റോഗ്രാഫി മാസ്റ്റര്‍ക്ലാസ്, ബിയാട്രിസ് തിരെയുടെ പശ്ചാത്തലസംഗീത മാസ്റ്റര്‍ക്ലാസ്, ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റര്‍ ക്ലാസ്, പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റര്‍ക്ലാസ്, കെ സെറാ സെറാ വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സിഇഒ യൂനുസ് ബുഖാരിയുടെ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ മാസ്റ്റര്‍ ക്ലാസ്, പ്രശസ്ത ചലച്ചിത്ര സംയോജകന്‍ ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് മാസ്റ്റര്‍ ക്ലാസ്, അജിത് പത്മനാഭിന്റെ ഇമേഴ്‌സീവ് ടെക്‌നോളജി ഫോര്‍ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റര്‍ ക്ലാസ്, എക്‌സ്റ്റെന്റഡ് റിയാലിറ്റി കണ്‍സല്‍റ്റന്റ് ലോയിക് ടാന്‍ഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതല്‍ എക്‌സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. 

കെഎഫ്എം-2ന്റെ ഭാഗമായ ഇന്‍ കോണ്‍വര്‍സേഷന്‍ സെഷനില്‍ ഷാജി എന്‍. കരുണ്‍, ഗോള്‍ഡ സെലം, ആഗ്‌നസ് ഗൊഥാര്‍ദ്, ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍, രവി കൊട്ടാരക്കര, അനില്‍ മെഹ്ത, പൂജ ഗുപ്‌തെ, സുരേഷ് എറിയട്ട്, രവിശങ്കര്‍ വെങ്കിടേശ്വരന്‍, മനു പാവ, ആശിഷ് കുല്‍ക്കര്‍ണി എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള സംഭാഷണങ്ങളിലൂടെ ഡെലിഗേറ്റുകളുമായി അറിവും ആശയവും പങ്കുവയ്ക്കുമെന്നും ഷാജി എന്‍. കരുണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ വിജ്ഞാനപരവും വാണിജ്യപരവുമായ വശങ്ങള്‍ സംയോജിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റ് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അവിഭാജ്യഘടകമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ പറഞ്ഞു. ഇത്തവണത്തെ ചലച്ചിത്രമേള കൂടുതല്‍ ജനകീയവും സ്ത്രീ പങ്കാളിത്തത്താല്‍ ശ്രദ്ധേയവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎഫ്എം-2 നടക്കുന്ന മൂന്ന് ദിവസങ്ങളിലും വിജയിച്ച മലയാളം സിനിമകളുടെ നിര്‍മാതാക്കളുമായുള്ള ഇന്ററാക്റ്റീവ് സെഷന്‍ ഉണ്ടായിരിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.എസ്. പ്രിയദര്‍ശനന്‍ പറഞ്ഞു. ഡിസംബര്‍ 11 മുതല്‍ 20 വരെ കെ.എഫ്.എം. -2ന്റെ ഭാഗമായ വ്യൂവിംഗ് റൂം ടാഗോര്‍ തിയറ്റര്‍ പരിസരത്ത് പ്രവര്‍ത്തിക്കും. നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും വ്യൂവിംഗ് റൂമില്‍ വിതരണക്കാര്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍മാര്‍ എന്നിവര്‍ക്കായി തങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാം. ചലച്ചിത്ര ലോകത്തെ നിര്‍മാതാക്കള്‍, ക്രിയേറ്റീവ് പ്രൊഫെഷണലുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്ന കേരള ഫിലിം മാര്‍ക്കറ്റ് വരും പതിപ്പുകളില്‍ ഗോവ ഫിലിം ഫെസ്റ്റിവലിലെ ഫിലിം ബസാറിന് തുല്യമായ വലിയൊരു സംവിധാനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഫിലിം മാര്‍ക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.keralafilmmarket.in വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 

Content Highlights: Second edition of Kerala Film Market from December 11 to 13