'ബറോസി'ലെ മുവേസി മരിയ; ദുര്‍മന്ത്രവാദിനി സയനോരയ്ക്ക് സമ്മാനിച്ചത് സംസ്ഥാന പുരസ്‌കാരം

കണ്ണൂർ: മോഹൻലാലിന്റെ കന്നിസംവിധാന സംരംഭമായ ‘ബറോസി’ലെ മുവേസി മരിയ എന്ന ദുർമന്ത്രവാദിനിയായ കഥാപാത്രത്തിന് ശബ്ദം നൽകിയതിന് സയനോര ഫിലിപ്പിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം. പിന്നണിഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂരുകാരി സയനോര ഡബ്ബിങ്ങിലൂടെയാണ് പുരസ്കാരത്തിന് അർഹയായത്. കഥാപാത്രത്തിന്റെ രൂപഭാവങ്ങൾക്കനുസരിച്ച് മികവോടെയാണ് ഇവർ ശബ്ദം നൽകിയതെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
“സുഹൃത്ത് പറഞ്ഞാണ് മോൾക്ക് അവാർഡ് ലഭിച്ച വിവരമറിഞ്ഞത്. കൊച്ചിയിലുള്ള മകൾ അപ്പോഴേക്കും പുരസ്കാര വിവരമറിഞ്ഞിരുന്നു. എന്റെ ജന്മദിനമാണ് വരുന്ന വെള്ളിയാഴ്ച. അന്ന് അവൾ നാട്ടിലെത്തുന്നുണ്ട്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം”- സയനോരയുടെ അച്ഛനും സംഗീതാധ്യാപകനുമായ കണ്ണൂർ തളാപ്പ് ഓലച്ചേരിക്കാവിന് സമീപത്തെ ഫിലിപ്പ് ഫെർണാണ്ടസ് പറഞ്ഞു. അഭിഭാഷകയായ മേരി ഹെഡ്‌വിഗാണ് സയനോരയുടെ അമ്മ. സ്വരാഗ് ഫിലിപ്പ്, ശ്രുതി ഫിലിപ്പ് എന്നിവർ സഹോദരങ്ങൾ.
കണ്ണൂർ സെയ്ന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, കണ്ണൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ സംഗീതമത്സര ഇനങ്ങളിലൂടെ ശ്രദ്ധേയയായ സയനോര പിന്നീട് വേറിട്ട ശബ്ദത്തിലൂടെ പിന്നണിഗാനരംഗത്ത് ചുവടുറപ്പിച്ചു. 2004-ൽ ‘വെട്ടം’, ‘ക്വട്ടേഷൻ’ എന്നീ ചിത്രങ്ങളിൽ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്ത് സജീവമായത്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി.
സമീപകാലത്തെ വൻ ഹിറ്റായ ‘ലോക’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശന് ശബ്ദം നൽകിയത് സയനോരയാണ്. ഇത് ഏറെ ശ്രദ്ധേയമായി. ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലും കല്യാണിക്ക് ശബ്ദം നൽകി.
സയനോരയുടെ കണ്ണൂർ സ്ലാങ്ങിലുള്ള ‘കണ്ണൂർപ്പാട്ട്’ കപ്പ ടിവി മ്യൂസിക് മോജോയിലൂടെ ഏറെ വൈറലായിരുന്നു. ‘ബേങ്കി ബേങ്കി ബൂം ബൂം...’ എന്ന് തുടങ്ങുന്ന ഇൗ പാട്ട് കൊച്ചി കേന്ദ്രമായ ദിൻചിക് നാഷൻ ബാൻഡിന്റേതാണ്.
Content Highlights: Sayanora Philip receives Kerala State Film Award for her exceptional dubbing as a sorceress in Mohanlal`s directorial debut, `Barroz`. A singer turned dubbing artist