അഭിനയത്തിൽ ഉർവ്വശിയുടെ ചേച്ചിയാണവർ, ഇത് കലാരഞ്ജിനിക്ക് കാലം തീരുമാനിച്ചുവെച്ച സമയം -ശാരദക്കുട്ടി

#മൂവി ഡെസ്ക്
ശാരദക്കുട്ടി, മോഹിനിയാട്ടം എന്ന ചിത്രത്തിൽ കലാരഞ്ജിനി | ഫോട്ടോ: മധുരാജ്\ മാതൃഭൂമി, Facebook
ശാരദക്കുട്ടി, മോഹിനിയാട്ടം എന്ന ചിത്രത്തിൽ കലാരഞ്ജിനി | ഫോട്ടോ: മധുരാജ്\ മാതൃഭൂമി, Facebook

കൃഷ്ണദാസ് മുരളി സംവിധാനംചെയ്ത മോഹിനിയാട്ടം എന്ന ചിത്രത്തേയും നടി കലാരഞ്ജിനിയേയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഇതിന് മുൻപ് തിയേറ്ററിൽ നിന്ന് ഇങ്ങനെ നിർത്താത്ത ചിരിയും കയ്യടിയും ഉണ്ടായത് സിദ്ദിഖ്-ലാൽ ടീമിൻ്റെ ഗോഡ്ഫാദർ കണ്ടപ്പോഴായിരിക്കുമെന്ന് അവർ പറഞ്ഞു. കലാരഞ്ജിനിക്ക് വേണ്ടി കാലം തീരുമാനിച്ചുവെച്ച സമയം ഇതായിരുന്നു. തേങ്ങാമുറിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ഒറ്റ സീൻ മതി അഭിനയത്തിൽ ഉർവ്വശിയുടെ ചേച്ചിയാണവർ എന്ന് തലകുലുക്കി സമ്മതിക്കാൻ. സംവിധായകൻ കൃഷ്ണദാസ് മുരളിക്കും ടീമിനും നന്ദി. എത്രനാൾ കൂടിയാണൊരു പക്കാ എൻ്റർടെയ്‌നർ മൂവി കാണുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ശാരദക്കുട്ടിയുടെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ:

മഞ്ചേരി Ladder plaza യിൽ ഇന്നലെ മോഹിനിയാട്ടം സിനിമ കണ്ടു. തിയേറ്ററിൽ തുടക്കം മുതൽ തുടങ്ങിയ ആഹ്ലാദാരവങ്ങൾ ചിത്രം കഴിഞ്ഞിറങ്ങി ലിഫ്റ്റിൽ കയറിയപ്പോഴും തുടർന്നു. ഇതിന് മുൻപ് തിയേറ്ററിൽ നിന്ന് ഇങ്ങനെ നിർത്താത്ത ചിരിയും കയ്യടിയും ഉണ്ടായത് സിദ്ദിഖ്-ലാൽ ടീമിൻ്റെ ഗോഡ്ഫാഫാദർ കണ്ടപ്പോഴായിരിക്കും.

ചിത്രത്തിൻ്റെ ഒന്നാം ഭാഗമായ 'ഭരതനാട്യ'ത്തിൽ സായ്‌കുമാറാണ് കേന്ദ്ര കഥാപാത്രമെങ്കിൽ ഇതിൽ സായ്കുമാറിൻ്റെ അദൃശ്യസാന്നിധ്യം അനുഭവപ്പെടുത്തിക്കൊണ്ടാണ് ചിത്രം അവസാനം വരെ നീങ്ങുന്നത്. മോഹിനീശ്വരീദേവിക്ക് മിക്‌സ്ചറും സംഭാരവുമാണ് പ്രധാന നേർച്ച എന്ന് നിശ്ചയിക്കുന്ന രംഗത്തിലൊക്കെ സായികുമാറിൻ്റെ തനി ഫ്രോഡത്തരം പ്രകടമാക്കാൻ പ്രാപ്തമായ ആ ശബ്ദവും കണ്ണും മുഖവും മനസ്സിൽ വന്നു. അദൃശ്യനെങ്കിലും ആ കഥാപാത്രമില്ലാത്ത ഒരു രംഗവുമില്ല ആ ചിത്രത്തിൽ.

കലാരഞ്ജിനിക്ക് വേണ്ടി കാലം തീരുമാനിച്ചുവെച്ച സമയം ഇതായിരുന്നു എന്ന് ചിത്രം കണ്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും മനസ്സ് വിസ്മയപ്പെടുന്നു. മികച്ച കലാകാരികളായ ഉർവ്വശിയും കല്പനയും മൂന്നു പതിറ്റാണ്ടുകാലം മലയാള സിനിമ അടക്കി വാണപ്പോഴും ഇവർ താരതമ്യേന നിശ്ശബ്ദയായിരുന്നു. കലാരഞ്ജിനിയുടെ സരസ്വതിയമ്മക്ക് അവരുടെ അടഞ്ഞ ശബ്ദം പോലും വലിയ അനുഗ്രഹമായി മാറുകയാണ്. തേങ്ങാമുറിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ഒറ്റ സീൻ മതി അഭിനയത്തിൽ ഉർവ്വശിയുടെ ചേച്ചിയാണവർ എന്ന് തലകുലുക്കി സമ്മതിക്കാൻ. കുന്തിരിക്കം പുകച്ച് നടക്കുന്ന സീനൊക്കെ ഓർമ്മയിൽ കൂടി ചിരി ഉണർത്തുന്നു. കലാരഞ്ജിനി തന്നെ ചിത്രത്തിൻ്റെ ഹൈലൈറ്റ്. എന്തൊരു കുസൃതിയാണവരുടെ നോക്കിലും ചലനങ്ങളിലും.

ജഗദീഷിനെ കുറിച്ച് പ്രത്യേകിച്ച് പറയാനില്ല. കുറെ കാലമായി അദ്ദേഹം തൻ്റെ സ്ഥിരം ചിരിക്കൂട്ടായിരുന്ന നടന്മാരെ ഒക്കെ പിന്നിലാക്കി വ്യത്യസ്തഭാവങ്ങളിൽ പടർന്നാടുകയാണല്ലോ. സൈജു കുറുപ്പും ബേബി ജീനും വിനയ് ഫോർട്ടും ശ്രീജാ രവിയും സുരാജ് വെഞ്ഞാറമ്മൂടും പേരറിയുന്നവരും അറിയാത്തവരുമായ ഓരോരുത്തരും മനസ്സിൽ നിന്ന് മായാത്ത മുഖങ്ങളായി.

ചിത്രത്തിൻ്റെ ഇടവേളയിൽ കലാരഞ്ജിനിയുടെ ശബ്ദത്തിൽ തന്നെ കേട്ട, 'പുകവലി ആരോഗ്യത്തിന് ഹാനികര'മെന്ന പരസ്യം, എൻ്റെ 4 വയസ്സുകാരൻ കുഞ്ഞുണ്ണിക്ക് ഏറെ ഇഷ്ടപ്പെട്ടു. Whispering voice ൽ cigarette smoking ad ചെയ്ത മോഹിനിയാട്ടത്തിലെ Aunty യെ കാണണമെന്നാണിപ്പോൾ വഴക്ക്. യൂട്യൂബിൽ കലാരഞ്ജിനിയുടെ അഭിമുഖം കാണിച്ച് ഞാൻ സമാധാനിപ്പിച്ചു. Search Kalaranjini, type kalaranjini എന്ന് പറഞ്ഞ് നടപ്പാണിപ്പോൾ. കലാരഞ്ജിനിയുടെ ഫോൺ നമ്പർ കിട്ടിയാൽ സംസാരിപ്പിക്കാമെന്ന് ഞാൻ വാക്കു കൊടുത്തിട്ടുണ്ട്.

സംവിധായകൻ കൃഷ്ണദാസ് മുരളിക്കും ടീമിനും നന്ദി, സ്‌നേഹം. എത്രനാൾ കൂടിയാണൊരു പക്കാ എൻ്റർടെയ്‌നർ മൂവി കാണുന്നത്. കൊടും വയലൻസ് രംഗമൊക്കെ ഓർത്താൽ ഞെട്ടിപ്പോകും എന്നത് സത്യം. എങ്കിലും മതവികാരമൊന്നും വ്രണപ്പെടുത്താതെ തന്നെ യാഥാർഥ്യങ്ങളുടെ നേർക്കുള്ള പരിഹാസപ്പെരുമഴയാണ് മോഹിനിയാട്ടം. Dont miss it.

Content Highlights: Renowned writer Saradakutty lauded the film 'Mohiniyattam' and actress Kalaranjini's stellar performance, comparing the theater's energetic response to the classic hit 'Godfather' and noting that the film is a rare, pure entertainer.