‘ജവാനി’ലെ അഭിനയത്തിന് ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അറ്റ്‌ലീ പ്രവചിച്ചിരുന്നു- സന്യ മല്‍ഹോത്ര

അറ്റ്‌ലീ, ഷാരൂഖ് ഖാൻ, സന്യ മല്‍ഹോത്ര | Photo: ANI, PTI
അറ്റ്‌ലീ, ഷാരൂഖ് ഖാൻ, സന്യ മല്‍ഹോത്ര | Photo: ANI, PTI

'ജവാനി'ലെ അഭിനയത്തിന് ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് സംവിധായകന്‍ അറ്റ്‌ലീ നേരത്തേ പ്രവചിച്ചിരുന്നുവെന്ന് നടി സന്യ മല്‍ഹോത്ര. തന്റെ പുതിയ ചിത്രമായ 'സണ്ണി സംസ്‌കാരി കി തുളസി കുമാരി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സന്യ. 'ജവാനി'ല്‍ ഷാരൂഖിനും വിജയ് സേതുപതിക്കും നയന്‍താരയ്ക്കും പ്രിയാമണിക്കുമൊപ്പം സന്യയും പ്രധാനവേഷത്തിലെത്തിയിരുന്നു.

ഷാരൂഖിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് സന്യ അറ്റ്‌ലീയുടെ പ്രവചനവും പങ്കുവെച്ചത്. 'ജവാന്റെ ഷൂട്ടിങ് സമയത്ത് ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് അറ്റിലീ സര്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. വളരേ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം അത് പറഞ്ഞിരുന്നത്. ഇപ്പോള്‍ നോക്കൂ, അദ്ദേഹം ദേശീയ അവാര്‍ഡ് നേടി', എന്നായിരുന്നു സന്യയുടെ വാക്കുകള്‍.

അറ്റ്‌ലീ സംവിധാനംചെയ്ത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച ചിത്രമാണ് 'ജവാന്‍'. 2023-ലെ മികച്ച നടനുള്ള അവാര്‍ഡാണ് ഷാരൂഖിന് ലഭിച്ചത്. ഷാരൂഖിന്റെ പ്രഥമ ദേശീയ അവാര്‍ഡാണിത്.