‘എന്തൊരു പ്രൊഫഷണൽ, റൊമാന്റിക്’; മെയിൽ വഴി ഡേറ്റിങ്ങിന് ക്ഷണം, സ്ക്രീൻഷോട്ട് പങ്കുവെച്ച് സന അൽത്താഫ്

ഇ- മെയിൽ വഴി ഡേറ്റിങ്ങിന് 'ക്ഷണിച്ചു'കൊണ്ട് തുടർച്ചയായി സന്ദേശം അയക്കുന്നയാളെ തുറന്നുകാട്ടി നടി സന അൽത്താഫ്. മൂന്നുതവണയായി തനിക്കുവന്ന ഇ- മെയിൽ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഡേറ്റിങ്ങിനുള്ള പ്രതിഫലമടക്കം ആരാഞ്ഞാണ് മെയിൽ.
'വൗ, എന്തൊരു പ്രൊഫഷണൽ റൊമാന്റിക് പ്രൊപോസൽ', എന്ന പരിഹാസ വാക്കുകളോടെയാണ് നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. എൻ. ബാലാജി ബാലാജി എന്ന മെയിൽ ഐഡിയിൽനിന്നാണ് സന്ദേശം വന്നതായി സ്‌ക്രീൻഷോട്ടിൽനിന്ന് മനസിലാവുന്നത്. സെപ്റ്റംബർ 29-നും ഡിസംബർ 26-നും കഴിഞ്ഞ ദിവസവുമാണ് നടിക്ക് മെയിൽ വന്നത്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി എന്ന് പരിചയപ്പെടുത്തിയാണ് മെയിൽ. ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലോ ഡേറ്റിങ് ആവാമെന്നും മെയിലിൽ പറയുന്നു.
'വിക്രമാദിത്യൻ' എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ സഹോദരിയായി വേഷമിട്ട് സിനിമയിലെത്തിയ താരമാണ് സന അൽത്താഫ്. ഫഹദ് ഫാസിലിനൊപ്പം 'മറിയം മുക്ക്' എന്ന ചിത്രത്തിൽ നായികയായെത്തി. 'റാണി പത്മിനി', 'ബഷീറിന്റെ പ്രേമലേഖനം', 'ഒടിയൻ' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നടൻ ഹക്കിം ഷാജഹാനുമായി കഴിഞ്ഞവർഷം വിവാഹിതയായി.
Content Highlights: Actress Sana Altaf Exposes "Professional Romantic Proposal" Received via Email